ഡല്‍ഹിയില്‍ പലയിടത്തും ഇന്റര്‍നെറ്റ്‌ ബന്ധം വിച്ഛേദിച്ച്‌ പൊലീസ്‌

ഡല്‍ഹിയില്‍ പലയിടത്തും ഇന്റര്‍നെറ്റ്‌ ബന്ധം വിച്ഛേദിച്ച്‌ പൊലീസ്‌

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം അക്രമസക്തമായതോടെ ഡല്‍ഹിയില്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സംഘര്‍ഷം നിയന്ത്രിക്കാന്‍ നഗരത്തില്‍ പലയിടത്തും ഇന്റര്‍നെറ്റ്‌ ബന്ധം പൊലീസ്‌ വിച്ഛേദിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ്‌ ഇന്റര്‍നെറ്റ്‌ താല്‍ക്കാലികമായി വിച്ഛേദിച്ചത്‌. ഡല്‍ഹി നഗരത്തിന്‌ പുറത്ത്‌ സിംഘു, ഗാസിപ്പൂര്‍, തിക്രി, മുകര്‍ബ ചൗക്ക്‌ എന്നിവിടങ്ങളിലും ഇന്റര്‍നെറ്റിന്‌ നിയന്ത്രണം ത്തിയിട്ടുണ്ട്.

ഇന്ന്‌ അര്‍ധരാത്രിവരെയാണ്‌ ഇന്റര്‍നെറ്റിന്‌ നിയന്ത്രണമുളളത്‌.

സംഘര്‍ഷത്തെത്തുടര്‍ന്ന്‌ ഡല്‍ഹി മെട്രോയുടെ വിവിധ സ്റ്റേഷനുകളും അടച്ചു. ഡല്‍ഹി മെട്രോ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടെയും പ്രവേശനങ്ങള്‍ കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. സെന്‍ട്രല്‍, നോര്‍ത്ത്‌ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്‌. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ചില മെട്രോ സ്റ്റേഷനുകള്‍ നേരത്തെ ഡല്‍ഹി പൊലീസ്‌ അടച്ചിരുന്നു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന ട്രാക്ടര്‍ പരേഡിലാണ്‌ സംഘര്‍ഷമുണ്ടായത്‌. ഡല്‍ഹി ഐ.ടി.ഒ പരിസരത്ത്‌ കര്‍ഷകരും പൊലീസും തമ്മില്‍ വന്‍ ഏറ്റുമുട്ടലുണ്ടായി. പിന്നീട്‌ ചെങ്കോട്ട ലക്ഷ്യമാക്കി നീങ്ങിയ കര്‍ഷകര്‍ അവിടെ കര്‍ഷക സംഘടനകളുടെ കൊടിനാട്ടി.

ആയിരക്കണക്കിന് കര്‍ഷകരാണ് സമരത്തിന്റെ ഭാഗമായി ഡല്‍ഹി നഗരത്തിന്റെ പല ഭാഗങ്ങളിലായുള്ളത്.

Share this story