പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും; രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തിൽ മുങ്ങുമെന്ന് ഉറപ്പാണ്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. ശിരോമണി അകാലിദളം പ്രസംഗം ബഹിഷ്‌കരിക്കും. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ പാർലമെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം പറയുന്നു.

രണ്ട് മാസത്തിലധികം നീണ്ടുനിൽക്കുന്ന സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. കർഷക സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാരിന്റെ കിരാത ശ്രമങ്ങളെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന് കോൺഗ്രസും ഇടതുപാർട്ടികളും തൃണമൂൽ കോൺഗ്രസും ഒപ്പുവെച്ച പ്രസ്താവനയിൽ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടും. ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന അനിഷ്ടസംഭവങ്ങളിൽ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നോ എന്ന് കണ്ടെത്താൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Share this story