സർക്കാരിനെന്താ കർഷകരെ ഭയമാണോ, ഡൽഹി സൈനിക കോട്ടയാക്കിയത് എന്തിന്: രാഹുൽ ഗാന്ധി

സർക്കാരിനെന്താ കർഷകരെ ഭയമാണോ, ഡൽഹി സൈനിക കോട്ടയാക്കിയത് എന്തിന്: രാഹുൽ ഗാന്ധി

നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്നതെന്ന് രാഹുൽ ഗാന്ധി. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു. കർഷക സമരം മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം

സർക്കാർ കർഷകരെ ഭയക്കുന്നുണ്ടോ. കർഷകർ ശത്രുക്കളാണോ. കർഷകർ ഇന്ത്യയുടെ കരുത്തും ശക്തിയുമാണ്. അവരെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും സർക്കാരിന്റെ ജോലിയല്ല. ഡൽഹി കർഷകരാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അവർ നമുക്ക് ഭക്ഷണം നൽകുന്നവരാണ്. എന്തിനാണ് ഡൽഹിയെ പട്ടാളക്കോട്ടയായി മാറ്റിയിരിക്കുന്നത്. എന്തിനാണ് കർഷകരെ മർദിക്കുന്നതും കൊലപ്പെടുത്തുന്നതെന്നും രാഹുൽ ചോദിച്ചു

കർഷകരെ തനിക്ക് നന്നായി അറിയാം. അവർ ഒരിക്കലും പിൻവാങ്ങില്ല. സർക്കാരിന് തന്നെയാകും പിൻവാങ്ങേണ്ടി വരിക. രാജ്യത്തെ ജനസംഖ്യയുടെ 99 ശതമാനം പേർക്കും പിന്തുണ നൽകുന്നതാകും ബജറ്റെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ ഈ ബജറ്റ് ജനസംഖ്യയുടെ ഒരു ശതമാനം പേർക്ക് വേണ്ടിയുള്ളതാണ്.

ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്റർ ഭൂമിയാണ് ചൈന പിടിച്ചെടുക്കുന്നത്. നിങ്ങൾക്ക് അകത്തേക്ക് വരാം, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം, ഞങ്ങൾ ഞങ്ങളുടെ സൈന്യത്തെ പിന്തുണക്കില്ലെന്നാണോ ചൈനക്ക് നൽകിയ സന്ദേശമെന്നും രാഹുൽ ചോദിച്ചു.

Share this story