30 ല്‍ 26 സീറ്റുകള്‍ ബി.ജെ.പിക്ക്; അമിത് ഷായെ പുച്ഛിച്ച് തള്ളി മമതാ ബാനര്‍ജി

30 ല്‍ 26 സീറ്റുകള്‍ ബി.ജെ.പിക്ക്; അമിത് ഷായെ പുച്ഛിച്ച് തള്ളി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന ദിവസം തന്നെ 30 ല്‍ 26 സീറ്റുകള്‍ ബി.ജെ.പിക്ക് കിട്ടുമെന്ന് അമിത് ഷാ പറഞ്ഞതിനെ പരിഹസിച്ച് മമത ബാനര്‍ജി. വോട്ട് എണ്ണുന്നതിന് മുമ്പ് എങ്ങനെയാണ് ഒരാള്‍ക്ക് ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയാന്‍ സാധിക്കുക എന്ന് മമത ചോദിച്ചു. അമിത് ഷായുടെ പേര് പറയാതെയായിരുന്നു മമതയുടെ വിമര്‍ശനം. പോളിംഗ് കഴിഞ്ഞിട്ട് ഒരു ദിവസമേ ആകുന്നുള്ളൂ. എട്ട് ഘട്ട വോട്ടെടുപ്പും കഴിഞ്ഞ് മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. അതിന് മുമ്പേ എങ്ങനെയാണ് ജയിക്കുന്ന സീറ്റുകളുടെ എണ്ണം പറയാന്‍ സാധിക്കുക എന്ന് മമത ചോദിച്ചു.

30 ല്‍ 26 സീറ്റും കിട്ടുമെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് 30 സീറ്റും കിട്ടുമെന്ന് പറയാത്തത്. ബാക്കി നാല് സീറ്റ് നിങ്ങള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും കൊടുത്തോ- നന്ദിഗ്രാമിനടുത്ത ചാന്ദിപൂര്‍ മണ്ഡലത്തില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കവെ മമത ചോദിച്ചു. ഇത്തവണ നന്ദിഗ്രാമിലാണ് മമത മല്‍സരിക്കുന്നത്. അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുവേന്ദു അധികാരിയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

Share this story