ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; 8 മരണം: 384 പേരെ സൈന്യം രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; 8 മരണം: 384 പേരെ സൈന്യം രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ 8 പേർ മരണപ്പെട്ടു. അപകടത്തിൽപ്പെട്ട 384 പേരെ സൈന്യം രക്ഷപ്പെടുത്തി. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. സുംന പ്രദേശത്ത് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ആണ് അപകടമുണ്ടായത്. ചമോലി ജില്ലയിലെ മലയോര മേഖലയായ ജോഷിമത്ത് സെക്ടറിലെ സുംന പ്രദേശത്താണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കരസേന അറിയിച്ചു.

കരയിൽ ഒന്നിലധികം ഇടങ്ങളിൽ മണ്ണിടിച്ചിലുകളും ഉണ്ടായിട്ടുണ്ട്. അപകടം BRO ക്യാമ്പിലേക്കുള്ള റോഡ് പ്രവേശനം തടസ്സപ്പെടുത്തി. ഇതിന്റെ ഫലമായി രക്ഷാപ്രവർത്തനം തടസ്സപ്പെടുകയുണ്ടായി. റോഡ് പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനത്തിലാണ് സൈന്യം. മണ്ണിടിച്ചിൽ കാരണം 4 മുതൽ 5 വരെ സ്ഥലങ്ങളിൽ റോഡ് പ്രവേശനം നിർത്തിവച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രിയിൽ രക്ഷാപ്രവർത്തനം നിർത്തിവച്ചു, രാവിലെയാണ് പുനരാരംഭിച്ചത്.

രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്നതിനായി പർവതാരോഹണ രക്ഷാപ്രവർത്തന സംഘങ്ങളും സ്ഥലത്തുണ്ട്. സുംനയിൽ ഇന്നലെ ഉണ്ടായ ഹിമപാതത്തിൽ മരിച്ചവർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജാഗ്രത പാലിക്കാൻ ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന് നിർദേശം നൽകിയതായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിംഗ് റാവത്ത് പറഞ്ഞു.

Share this story