വീണ്ടും ഓക്സിജന്‍ കിട്ടാതെ മരണം; ഹരിയാനയില്‍ മരിച്ചത് നാല് പേര്‍

വീണ്ടും ഓക്സിജന്‍ കിട്ടാതെ മരണം; ഹരിയാനയില്‍ മരിച്ചത് നാല് പേര്‍

രാജ്യത്ത് വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം. ഹരിയാനയില്‍ പ്രാണവായു കിട്ടാതെ ഇന്ന് നാല് പേര്‍ മരിച്ചെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാനയിലെ റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

“തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മൂന്ന് രോഗികളും വാര്‍ഡിലുണ്ടായിരുന്ന ഒരു രോഗിയുമാണ് മരിച്ചത്. നമുക്ക് ലഭ്യമായ ഓക്സിജന്‍ വളരെ കുറവാണ്. കാലിയായ ഓക്സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കാനായി കൊടുത്തുവിട്ടിരുന്നു. രാവിലെ മുതല്‍ ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് അധികൃതരെ അറിയിച്ചതാണ്”- ആശുപത്രി ജീവനക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ മരണ കാരണം എന്തെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് ഡിസിപി അജയ് കുമാര്‍ പറഞ്ഞു- “റെവാരിയിലെ സബ്ഡിവിഷണല്‍ മജിസ്ട്രേറ്റും ചീഫ് മെഡിക്കല്‍ ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ പറയുന്നത് ഓക്സിജന്‍ ലഭിച്ചില്ലെന്നാണ്. പക്ഷേ അധികൃതര്‍ പറയുന്നത് ഓക്സിജന്‍ വിതരണം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നാണ്. എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ”.

രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനത്തിനിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 55 കടന്നു. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പ്രാണവായു കിട്ടാതെ മരിച്ചത്. ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് 551 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Share this story