കൊറോണ വ്യാപനം; പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍

കൊറോണ വ്യാപനം; പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍

ന്യൂഡല്‍ഹി : കൊറോണയെ ഇപ്പോള്‍ എല്ലാവര്‍ക്കും ഭയമായി തുടങ്ങി. ഇതോടെ എല്ലാവരും അവരവരുടെ വീടുകളില്‍ ഒതുങ്ങിക്കഴിയുകയാണ്. കൊറോണ വ്യാപനം ശക്തമായതോടെ പുറം ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍. കുടുംബാംഗങ്ങളും അടുത്ത ജീവനക്കാരും മാത്രമുള്ള സുരക്ഷിത സംഘമായി കഴിയുകയാണ് പലരും.

അടുത്ത ജീവനക്കാരും കുടുംബാംഗങ്ങളും മാത്രമായി പുറം ബന്ധങ്ങളില്ലാതെ കഴിയുകയാണെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സംരംഭം ഇപ്പോള്‍ നടത്തുകയാണ് അദ്ദേഹം.

ഇന്‍ഫോസിസ് മറ്റൊരു സഹസ്ഥാപകനായ നന്ദന്‍ നിലേകനി ഒരു ടെക് ലോകത്തെ തന്റെ വീട്ടിലും ഒരുക്കിയിരിക്കുകയാണ്.ഇങ്ങനെ പുറമെ നിന്നുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് വീട്ടിനുള്ളില്‍ കഴിയുകയാണ് അദ്ദേഹം.

ഇന്ത്യയിലെ ശതകോടീശ്വരനും, ബൈജൂസ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍, ബാംഗ്ലൂരിലെ എച്ച്എസ്ആര്‍ ലേ ഔട്ടിനു സമീപത്തെ വീട്ടില്‍ തന്നെ കഴിയുകയാണ് . പേഴ്സണല്‍ സ്റ്റാഫും അവരോടൊപ്പമുണ്ട്, ‘ പുറത്തുനിന്നുള്ള സമ്പര്‍ക്കം വളരെ കുറവാണെന്ന് ‘ അദ്ദേഹം പറഞ്ഞു .

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി കുടുംബത്തോടൊപ്പം മുംബൈയില്‍ നിന്ന് ജംനഗറിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ മറ്റൊരു അതിസമ്പന്നനായ ഗൗതം അദാനി അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള വസതിയിലാണിപ്പോള്‍. മകന്‍ കരണ്‍ അദാനി അടക്കമുള്ള കുടുംബാംഗങ്ങളും ജീവനക്കാരുമാണ് കൂടെയുള്ളത്. ഇവരാരും പുറത്തുള്ള ആരുമായും ബന്ധപ്പെടാതെ സുരക്ഷയൊരുക്കിയാണ് അവിടെ കഴിയുന്നത്.

Share this story