സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കള്ളപ്പണമല്ല; കേന്ദ്ര ധനമന്ത്രാലയം

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം കള്ളപ്പണമല്ല; കേന്ദ്ര ധനമന്ത്രാലയം

ന്യൂഡൽഹി: സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച് വിശദീകരണവുമായി കേന്ദ്ര ധനമന്ത്രാലയം. സ്വിസ് ബാങ്കുകൾ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളാണെന്നും ഇത് കള്ളപ്പണമല്ലെന്നുമാണ് ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക കഴിഞ്ഞ ദിവസമാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ടത്. 20700 കോടിയാണ് സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപ തുക എന്നാണ് സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് വർഷത്തിനിടയിലെ ഏറ്റവുമുയർന്ന നിക്ഷേപത്തുകയാണിത്. 2019 ൽ ഇന്ത്യക്കാരുടേയും ഇന്ത്യൻ സ്ഥാപനങ്ങളുടേയും പേരിൽ സ്വിസ് ബാങ്കിൽ ഉണ്ടായിരുന്നത് 6625 കോടി രൂപയുടെ നിക്ഷേപമായിരുന്നു. പിന്നീട് രണ്ട് വർഷത്തോളം നിക്ഷേപം കുറഞ്ഞ നിലയിൽ നിന്ന ശേഷമാണ് വർധനവ് ഉണ്ടായിരിക്കുന്നത്.

2006 ന് ശേഷം ഇന്ത്യക്കാരുടെ നിക്ഷേപത്തിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ 2011, 2013, 2017 വർഷങ്ങളിൽ ഇതിൽ നേരിയ വ്യത്യാസം ഉണ്ടായി. കസ്റ്റമർ നിക്ഷേപത്തിലൂടെ 4000 കോടി രൂപയുടെയും ബാങ്ക് നിക്ഷേപത്തിലൂടെ 3100 കോടി രൂപയുടെയും ട്രസ്റ്റുകൾ മുഖേന 13500 കോടി രൂപയുടെയും നിക്ഷേപമാണ് 2020 ൽ ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുള്ളത്. ബോണ്ടുകളും സെക്യൂരിറ്റിയുടേയും രൂപത്തിലുമാണ് ഇവയുള്ളത്.

Share this story