കോവിഡ് ഇല്ലെന്നും കേന്ദ്രം പറയും: ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച വാദത്തിനെതിരെ സംസ്ഥാനങ്ങള്‍

കോവിഡ് ഇല്ലെന്നും കേന്ദ്രം പറയും: ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച വാദത്തിനെതിരെ സംസ്ഥാനങ്ങള്‍

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് ഓക്സിൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തിനെതിരേ വിവിധ സംസ്ഥാനങ്ങൾ രംഗത്ത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് വിഷയത്തിൽ രൂക്ഷ വിമർശം ഉന്നയിച്ചത്. കേന്ദ്ര സർക്കാർ കള്ളം പറയുകയാണെന്നും തെറ്റുകൾ മറയ്ക്കാൻ ശ്രമിക്കുകയാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കേന്ദ്രം സത്യത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും മരിച്ചവരുടെ ബന്ധുക്കൾ സർക്കാരിനെതിരെ കോടതിയെ സമീപിക്കണമെന്നും ശിവസേന എംപി സഞ്ജയ് റാവത്തും പറഞ്ഞു.

രണ്ടാം കോവിഡ് തരംഗത്തിൽ ഓക്സിജൻ വിതരണത്തിലെ തെറ്റ് മറയ്ക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നും കേന്ദ്രനയം ‘ദുരന്തത്തിലേക്ക്’ നയിച്ചുവെന്നും മനീഷ് സിസോദിയ ആരോപിച്ചു.

ഓക്സിജൻ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് പറയുന്നത് തികച്ചും തെറ്റാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും ചൂണ്ടിക്കാട്ടി. ഡൽഹിയിൽ ഉൾപ്പെടെ രാജ്യത്ത് നിരവധി മരണങ്ങൾ ഓക്സിജൻ ക്ഷാമം മൂലം സംഭവിച്ചതായി ജെയിൻ പറഞ്ഞു. ” കോവിഡ് തന്നെയില്ലെന്ന് അവർ (കേന്ദ്രം) ഉടൻ പറയും. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചില്ലെങ്കിൽ, എന്തുകൊണ്ടാണ് ആശുപത്രികൾ ഹൈക്കോടതിയിലേക്ക് പോയത് ? ഇത് തീർത്തും തെറ്റാണ്” – അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ കള്ളം പറയുകയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര സർക്കാർ സത്യത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും ഓക്സിജൻ ക്ഷാമം മൂലം ബന്ധുക്കൾ മരിച്ചവർ കേന്ദ്ര സർക്കാരിനെ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രണ്ടാം തരംഗത്തിൽ ഓക്സിജന്റെ കുറവ് മൂലം സംസ്ഥാനത്ത് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെപറഞ്ഞു. ഓക്സിജൻ സംഭരണ പ്ലാന്റിലെ ചോർച്ചയെത്തുടർന്ന് ഏപ്രിലിൽ നാസിക്കിലെ ഒരു ആശുപത്രിയിൽ ഓക്സിജൻ വിതരണം തടസപ്പെട്ടതിനെ തുടർന്ന് 22 രോഗികൾ മരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തരംഗത്തിൽ ഓക്സിജന്റെ കുറവുണ്ടായിരുന്നുവെന്ന് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനും സമ്മതിച്ചു. നിർണായക സമയത്ത് ആവശ്യമായ ഓക്സിജൻ ക്വാട്ട സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. രഘു ശർമ്മ പറഞ്ഞു. ഓക്സിജന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ക്ഷാമകാലത്ത് ഒരു നിശ്ചിത അളവിൽ ഓക്സിജൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി മൂന്ന് മന്ത്രിമാരെ ഡൽഹിയിലേക്ക് അയച്ചിരുന്നു. ആവശ്യപ്പെട്ടത്ര ഓക്സിജൻ ലഭിച്ചില്ലെന്നും പക്ഷേ, ഞങ്ങളുടെ പ്രവർത്തനം മികച്ചതായിരുന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവായെന്നുംശർമ്മ കൂട്ടിച്ചേർത്തു.

ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ബിഹാർ ആരോഗ്യമന്ത്രി മംഗൽ പാണ്ഡെ പറഞ്ഞു. തങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണ ലഭിച്ചിരുന്നുവെന്നും കേന്ദ്രം ക്വാട്ട വർധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓക്സിജന്റെ അഭാവം മൂലം സംസ്ഥാനത്ത് ഒരു മരണവും സംഭവിച്ചിട്ടില്ലെന്ന് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് സർക്കാരും പറഞ്ഞു. ഓക്സിജൻ ക്ഷാമം മൂലം സംസ്ഥാനത്ത് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യവും പറഞ്ഞു.

സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്സിജൻ ക്ഷാമം മൂലമുള്ള മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും എന്നാൽ, രണ്ടാം തരംഗത്തിനിടെ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ ആവശ്യകത വൻതോതിൽ വർധിച്ചുവെന്നുമാണ് കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചത്. ഒന്നാം തരംഗത്തിനിടെ 3095 മെട്രിക് ടൺ ആയിരുന്നു മെഡിക്കൽ ഓക്സിജന്റെ ആവശ്യകതയെങ്കിൽ രണ്ടാം തരംഗത്തിനിടെ അത് 9000 മെട്രിക് ടണ്ണായി വർധിച്ചു. ഇതോടെ സംസ്ഥാനങ്ങൾക്ക് കൃത്യമായ അളവിൽ ഓക്സിജൻ വിതരണം ചെയ്യാനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു എന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ചൂണ്ടിക്കാട്ടിയിരുന്നു.

Share this story