സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റർ വ്യാജപ്പാൽ നിർമിച്ച് വിറ്റു; മഹാരാഷ്ട്രയിൽ വൻ തട്ടിപ്പ് പുറത്ത്

വ്യാജ പാൽ

മുംബൈ: മഹാരാഷ്ട്രയിലെ ധാരാശിവ് (Dharashiv) ജില്ലയിൽ സോപ്പ് പൊടിയും ഗുണനിലവാരമില്ലാത്ത പാൽപ്പൊടിയും ഉപയോഗിച്ച് കോടിക്കണക്കിന് ലിറ്റർ വ്യാജപ്പാൽ നിർമിച്ച് വിറ്റ വൻ റാക്കറ്റ് പോലീസ് തകർത്തു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏകദേശം 2.3 കോടി ലിറ്റർ കൃത്രിമപ്പാലാണ് ഇത്തരത്തിൽ നിർമിച്ച് വിപണിയിൽ എത്തിച്ചതെന്നാണ് ഭക്ഷ്യ-മരുന്ന് ഭരണവിഭാഗവും (FDA) പോലീസും ചേർന്ന നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

​രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യാജപ്പാൽ നിർമാണത്തിനായി കഴിഞ്ഞ ആറ് മാസത്തിനിടെ 2,30,470 കിലോഗ്രാം ഗുണനിലവാരമില്ലാത്ത പാൽപ്പൊടിയും മാരകമായ രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പാലിൽ കൊഴുപ്പും പതയും കൃത്രിമമായി ഉണ്ടാക്കാനാണ് സോപ്പ് പൊടിയും മറ്റ് ഡിറ്റർജന്റുകളും സംഘം ഉപയോഗിച്ചിരുന്നത്.

​സംഭവവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത്തരത്തിൽ വ്യാജപ്പാൽ എത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്ന ഈ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

Tags

Share this story