ശ്രീലങ്കയിലുള്ള 28 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംകെ സ്‌റ്റാലിൻ

Stalin VS Modi

ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 'മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും പതിവായി പിടിച്ചുവയ്ക്കുന്ന സംഭവങ്ങൾ നിരാശയുണ്ടാക്കുന്നു' എന്ന് പറഞ്ഞ ഡിഎംകെ മേധാവി ഈ വിഷയത്തിൽ പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ ഇടപെടൽ തേടുകയും, മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും മോചിപ്പിക്കുന്ന കാര്യം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തു. 


വ്യാഴാഴ്‌ച നെടുന്തീവിനും ജാഫ്‌നയ്ക്കും ഇടയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ജെഗതപട്ടണത്ത് നിന്നുള്ള 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെയാണ് സ്‌റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ശ്രീലങ്കൻ നാവികസേന രണ്ട് ബോട്ടുകൾ പിടിച്ചെടുത്ത് മത്സ്യത്തൊഴിലാളികളെ മയിലപട്ടണം തുറമുഖത്തേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് ഇവരെ ജാഫ്‌നയിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി.

ഈ വർഷം ഇതുവരെ 28 മത്സ്യത്തൊഴിലാളികളെ പിടികൂടിയതായും നാല് മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായും കത്തിൽ പറയുന്നു. "ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള അറസ്‌റ്റുകളും ആക്രമണങ്ങളും ഇന്ത്യാ ഗവൺമെന്റിന്റെ നയതന്ത്ര മുൻകൈകൾക്കിടയിലും തുടരുകയാണ്. പാക്ക് ഉൾക്കടലിൽ തമിഴ്‌നാട് മത്സ്യത്തൊഴിലാളികളുടെ ചരിത്രപരമായ മത്സ്യബന്ധന അവകാശങ്ങൾ ലംഘിക്കാനുള്ള ശ്രീലങ്കൻ നാവികസേനയുടെ ആവർത്തിച്ചുള്ള ശ്രമങ്ങൾ ഇന്ത്യൻ സർക്കാരിന്റെ യോജിച്ച ശ്രമങ്ങളിലൂടെ ശാശ്വതമായി അവസാനിപ്പിക്കണം." ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയിൽ നിന്ന് നിരന്തരം പീഡനം നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്‌റ്റാലിൻ കത്തിൽ കുറിച്ചു.

തമിഴ്‌നാട് സർക്കാരിന്റെ പ്രതിഷേധ കത്തുകൾ അവഗണിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് എതിരായ പീഡനം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ 104 മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്കയുടെ കസ്‌റ്റഡിയിലാണ്. 16 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നിലവിൽ ശ്രീലങ്കയിലെ ജയിലുകളിൽ കഴിയുന്നുണ്ടെന്നും സ്‌റ്റാലിൻ കത്തിൽ സൂചിപ്പിച്ചു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്ന കാര്യം ശ്രീലങ്കയിലെ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുന്നത്. ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായ 16 മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്‌റ്റാലിൻ ഒരാഴ്‌ച മുമ്പ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Share this story