33 പിഞ്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ
33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചാണ് പ്രതികളായ രാംഭവൻ, ദുർഗാവതി എന്നിവർക്ക് യുപി ബന്ദയിലെ പോക്‌സോ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്
മൂന്ന് വയസ് മുതലുള്ള കുട്ടികളെയാണ് ഇരുവരും പീഡിപ്പിച്ചത്. ലൈംഗിക പീഡനത്തിന് ഇരയായവർക്ക് ഓരോരുത്തർക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. കൂടാതെ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുക്കുന്ന പണം ഈ കുട്ടികൾക്കെല്ലാം തുല്യമായി വീതിക്കണമെന്നും കോടതി വിധിച്ചു
2020ലാണ് ദമ്പതികൾക്കെതിരെ സിബിഐ കേസ് ഫയൽ ചെയ്തത്. ലൈംഗിക പീഡനം, ചൈൽഡ് പോണോഗ്രാഫി, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ജലസേചന വകുപ്പിൽ ജൂയനിയർ എൻജിനീയറായിരുന്നു രാംഭവൻ.
ഓൺലൈൻ ഗെയിമുകൾ കളിക്കാൻ അവസരം നൽകിയും പണവും സമ്മാനങ്ങളും നൽകിയുമാണ് പ്രതികൾ കുട്ടികളെ വശത്താക്കിയിരുന്നത്. ക്രൂരമായാണ് ഇവർ കുട്ടികളെ പീഡിപ്പിച്ചിരുന്നത്. പല കുട്ടികളുടെയും സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റിരുന്നു. ചില കുട്ടികൾക്ക് പീഡനത്തിന് ശേഷം വർഷങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. ഭൂരിഭാഗം കുട്ടികളും മാനസികമായി തകർന്ന അവസ്ഥയിലാണ്
