ഉപഭോക്താക്കളുടെ 3,897 രേഖകൾ ഡാർക്ക് വെബിൽ ചോർന്നു; സൈബർ ആക്രമണം നേരിട്ട് എസ്ബിഐ
ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി സംശയം. ബാങ്കിന് നേർക്ക് ഉണ്ടായ സൈബർ ആക്രമണം ആണിതെന്നാണ് എസ്ബിഐയുടെ വിലയിരുത്തൽ. സംഭവത്തിൽ ബാങ്ക് അന്വേഷണം ആരംഭിച്ചു.
ഡാർക്ക് വെബിൽ ലഭ്യമായിരുന്ന ഏകദേശം 3.75 ലക്ഷം രേഖകളുടെ പ്രാഥമിക പരിശോധനയിൽ 3,897 ഉപഭോക്താക്കളുടെ സെൻസിറ്റീവ് വിവരങ്ങൾ കണ്ടെത്തിയതായി ബുധനാഴ്ച റെഗുലേറ്ററി ഫയലിങ്ങിൽ എസ്ബിഐ അറിയിച്ചു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ, ജനനത്തീയതി, പേര്, ലിംഗം, ഇമെയിൽ വിലാസം, താമസവിലാസം തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ശാഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, കസ്റ്റമർ ഇൻഫർമേഷൻ ഫയൽ തിരിച്ചറിയൽ നമ്പറുകൾ, ലീഡ് ഐഡികൾ, വായ്പാ-ലീഡ് രേഖകളുമായി ബന്ധപ്പെട്ട മെറ്റാഡാറ്റ, മറ്റ് അനുബന്ധ ഫയലുകൾ എന്നിവയും ചോർന്നതായി സംശയിക്കുന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു.
ചോർന്ന വിവരങ്ങളുടെ ആധികാരികതയും പൂർണതയും സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ബാങ്ക് വ്യക്തമാക്കി. വിവരങ്ങൾ ചോർന്നതിന്റെ ഉറവിടം, വ്യാപ്തി, ഉപഭോക്താക്കൾക്കും ബാങ്കിനുമുണ്ടാകാവുന്ന അപകടസാധ്യതകൾ എന്നിവയും വിശദമായ അന്വേഷണത്തിലൂടെ വിലയിരുത്തും.
സംഭവത്തെ തുടർന്ന് സൈബർ സുരക്ഷാ പ്രതിരോധ നടപടികളും വിവരച്ചോർച്ച നിയന്ത്രിക്കാനുള്ള പ്രോട്ടോക്കോളുകളും ഉടൻ സജീവമാക്കിയതായി എസ്ബിഐ അറിയിച്ചു. സംഭവത്തിൽ സമഗ്രമായ പരിശോധന നടത്താനും സുരക്ഷാവീഴ്ച അന്വേഷിക്കാനും സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെയും നിയോഗിച്ചിട്ടുണ്ട്.
സംഭവം ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങൾ, സാമ്പത്തിക പ്രകടനം, പ്രവർത്തനത്തുടർച്ച എന്നിവയെ കാര്യമായി ബാധിച്ചിട്ടില്ലെന്നും ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ തുടരുകയാണെന്നും ഫയലിങ്ങിൽ വ്യക്തമാക്കി.
വിശദമായ പരിശോധന തുടരുകയാണെന്നും ആവശ്യമായ പരിഹാര, പ്രതിരോധ നടപടികൾ നടപ്പാക്കിവരികയാണെന്നും എസ്ബിഐ അറിയിച്ചു. ബാധകമായ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
