45 മണിക്കൂര്‍; പൊരുതിയത് രണ്ട് നാൾ: കുഴല്‍ കിണറില്‍ വീണ 6 വയസുകാരൻ മരണത്തിന് കീഴടങ്ങി

National

മധ്യപ്രദേശിലെ റീവയിലെ കുഴല്‍ കിണറില്‍ വീണ ആറു വയസുകാരനെ രക്ഷിക്കാനായില്ല. 45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായുള്ളു. വളരെ ഇടുങ്ങിയ കുഴൽക്കിണർ ആയിരുന്നുവെന്നും, ഇതിലൂടെ കുട്ടിക്ക് കാര്യമായ രീതിയിൽ ഓക്സിജൻ എത്തിക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുഴിയിൽ നിന്നും പുറത്തെടുക്കുമ്പോൾ തന്നെ കുട്ടിക്ക് ജീവനുണ്ടായിരുന്നില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഇടുങ്ങിയ കുഴല്‍ കിണറായിരുന്നുവെന്നും തുടര്‍ നടപടികള്‍ക്കായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

റീവ ജില്ലയിലെ മണിക ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. 40 അടി താഴ്ചയിലുള്ള കുഴല്‍ കിണറില്‍ ആണ് കുട്ടി വീണത്. കളിക്കുന്നതിനിടെയാണ് സംഭവം. രണ്ടു ദിവസത്തോളമാണ് കുട്ടി കുഴല്‍ കിണറില്‍ കിടന്നത്. എസ്‍ഡിഇആര്‍എഫ്, എന്‍ഡിആര്‍എഫ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യം നടന്നത്.

കുഴല്‍ കിണറിലേക്ക് ഓക്സിജൻ നല്‍കിയിരുന്നു. എന്നാൽ, അവസാന സമയം ആയപ്പോൾ ഓക്സിജൻ എടുക്കുന്നതിന് കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായി. സമാന്തരമായി കുഴിയെടുത്താണ് കുട്ടിയുടെ അടുത്തെത്തിയത്. അവസാന നിമിഷം വരെ പൊരുതിയെങ്കിലും രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Share this story