4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ഒന്നരക്കോടി രൂപയുടെ ‘ബോസ് സ്കാം’ (Boss Scam) സാമ്പത്തിക തട്ടിപ്പ് കേസന്വേഷണം എത്തിച്ചേർന്നത് അന്താരാഷ്ട്ര തലത്തിലുള്ള വൻ സൈബർ കുറ്റകൃത്യ ശൃംഖലയിൽ. ചൈനയിലും പാകിസ്ഥാനിലും പടർന്നുപന്തലിച്ച സൈബർ മാഫിയ സംഘത്തെയും ഇന്ത്യയിലെ അവരുടെ അനുബന്ധ കണ്ണികളെയും അഹമ്മദാബാദ് സൈബർ ക്രൈം പൊലീസും ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും (I4C) ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പുറത്തുകൊണ്ടുവന്നത്.
കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ 24 പർഗാനാസ് സ്വദേശിയായ ഇമ്രാൻ അലി പ്യാദ, കൊൽക്കത്ത സ്വദേശിയായ ഇൻജമുൾ മുജീബാർ മൊല്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ടെലികോം സേവന ദാതാക്കളുടെ പോയിന്റ് ഓഫ് സെയിൽ ഏജന്റായി ജോലി ചെയ്തിരുന്ന പ്രതികൾ വ്യാജ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾ അറിയാതെ നിർമ്മിച്ച അയ്യായിരത്തോളം (4,500) വ്യാജ സിം കാർഡുകളാണ് വിദേശത്തുള്ള സൈബർ കുറ്റവാളികൾക്ക് കൈമാറിയത്. ഒരേസമയം നാല് സിം കാർഡുകൾ വരെ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ എട്ട് ഗാഡ്‌ജെറ്റുകൾ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞ ജൂണിലാണ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ (ബോസ്) എന്ന വ്യാജേന ജീവനക്കാരന് സന്ദേശമയച്ച് 1.5 കോടി രൂപ തട്ടിയെടുത്ത കേസ് രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ ദ്രുതഗതിയിലുള്ള അന്വേഷണത്തിൽ നഷ്ടപ്പെട്ട തുകയിൽ 1.3 കോടി രൂപ അന്നുതന്നെ കണ്ടുകെട്ടി ഉടമയ്ക്ക് തിരിച്ചുകൊടുത്തിരുന്നു. എന്നാൽ ഈ തട്ടിപ്പിന്റെ ഉറവിടം അന്വേഷിച്ചുപോയ ഉദ്യോഗസ്ഥരെ കാത്തിരുന്നത് കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള വൻ സൈബർ ശൃംഖലയായിരുന്നു.
പാകിസ്ഥാനിലെ ഇസ്ലാമാബാദ് കേന്ദ്രമാക്കിയാണ് തട്ടിപ്പിനായുള്ള പ്രധാന കോൾ സെന്ററുകൾ പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. തട്ടിപ്പിനായി ഉപയോഗിച്ച ആപ്ലിക്കേഷനുകളും മാൽവെയറുകളും ചൈനയിലാണ് വികസിപ്പിച്ചെടുത്തത്. ഹോങ്കോങ് വഴിയാണ് ഇവ നിയന്ത്രിച്ചിരുന്നത്. വാട്സാപ് ഗ്രൂപ്പുകൾ വഴി വിദേശ കുറ്റവാളികൾക്ക് വ്യാജ സിം കാർഡുകളും ഒടിപികളും (OTP) നൽകുന്ന ‘സൈബർ ക്രൈം-ആസ്-എ-സർവീസ്’ (CaaS) രീതിയിലാണ് പ്രതികൾ പ്രവർത്തിച്ചിരുന്നത്. ഇതുവരെ ഏകദേശം 21,900 ഒടിപികളാണ് ഇവർ വിദേശങ്ങളിലെ തട്ടിപ്പുകാർക്ക് വിറ്റത്. ഒരു ഒടിപിക്ക് 100 രൂപ മുതൽ 250 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്.
ഇവരുടെ വ്യാജ സിമ്മുകളുമായി ബന്ധപ്പെട്ട് ദേശീയ സൈബർ ക്രൈം പോർട്ടലിൽ 26 സംസ്ഥാനങ്ങളിലായി 251 പരാതികൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. പത്തുനായിരത്തോളം കമ്പ്യൂട്ടറുകളും ഫോണുകളും ഇവർ ഹാക്ക് ചെയ്യുകയോ ശൃംഖലയുമായി ബന്ധിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ചൈനയിലെ വിപിഎൻ സർവീസുകൾ ഉപയോഗിച്ചാണ് കൈകാര്യം ചെയ്തിരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെയോ ഉടമകളുടെയോ പേരിൽ അപരിചിത നമ്പറുകളിൽ നിന്ന് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഉറപ്പുവരുത്താതെ ഇടപാടുകൾ നടത്തരുതെന്ന് പൊലീസും നിർദ്ദേശിച്ചിട്ടുണ്ട്.
