ഡൽഹിയിൽ 47.56 ലക്ഷം വോട്ടർമാരെ ഒഴിവാക്കി; പേര് ചേർക്കാൻ അപേക്ഷിച്ചത് 2.71 ലക്ഷം പേർ മാത്രം
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന പ്രത്യേക സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി കരട് വോട്ടർ പട്ടികയിൽ നിന്ന് 47.56 ലക്ഷത്തിലധികം വോട്ടർമാരെ പുറത്താക്കിയ സംഭവത്തിൽ, പേര് വീണ്ടും ഉൾപ്പെടുത്തുന്നതിനായി അപേക്ഷിച്ചത് 2.71 ലക്ഷം പേർ മാത്രം. ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 27 വരെയുള്ള കാലയളവിൽ പേര് ചേർക്കുന്നതിനായുള്ള 'ഫോം 6' വഴി 2,71,639 അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. വെസ്റ്റ് ഡൽഹിയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഫോം 6 അപേക്ഷകൾ ലഭിച്ചത് (33,377). വോട്ടർ പട്ടികയിൽ നിന്നുള്ള പേരുകൾ ഒഴിവാക്കാൻ നൽകുന്ന 'ഫോം 7' വഴി 20,654 അപേക്ഷകളും, വിവരങ്ങളിലെ തിരുത്തലുകൾക്കായുള്ള 'ഫോം 8' വഴി 1,02,149 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
അന്തിമ വോട്ടർ പട്ടിക ഡിസംബർ 4-ന് പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കിയ നടപടിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.
