ഇന്ത്യയ്ക്കെതിരെ തീവ്രവാദ ഗൂഢാലോചന: 7 വിദേശ പൗരന്മാർ അറസ്റ്റിൽ

NIA

ഇന്ത്യയ്ക്കെതിരെ തീവ്രവാദ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഏഴ് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്ത് എൻഐഎ. ഒരു യുഎസ് പൗരനും ആറ് യുക്രെയിൻ പൗരന്മാരുമാണ് അറസ്റ്റിലായത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നാണ് പിടിയിലായത്. മ്യാൻമറിൽ വച്ച് ഈ സംഘം ഇന്ത്യയോട് ശത്രുത ഉള്ള സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവെന്നും എൻ‌ഐഎ.

അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക്, യുക്രെയിൻ പൗരന്മാരായ ഹുർബ പെട്രോ, സ്ലൈവിയാക് താരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാങ്കിവ് മരിയൻ, ഹോഞ്ചരുക് മാക്സിം, കാമിൻസ്കി വിക്ടർ എന്നിവരാണ് അറസ്റ്റിലായത്. മ്യാൻമറിലെ വംശീയ സായുധ ഗ്രൂപ്പുകൾക്കും ഇന്ത്യയിലെ ചില നിരോധിത സംഘടനകൾക്കും പരിശീലനം നൽകുന്നതിനായി ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി പ്രതികളെ 11 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, യുഎപിഎ എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികൾ വടക്കുകിഴക്കൻ മേഖലയിലെ മിസോറാമിലെ നിയന്ത്രിത പ്രദേശങ്ങളിലേക്ക് പോയി, നിയമവിരുദ്ധമായി മ്യാൻമറിലേക്ക് കടന്നു, വംശീയ സായുധ സംഘടനകളുമായും ഇന്ത്യയിൽ നിരോധിച്ച ചില ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടുവെന്നാണ് എഫ്ഐആറിൽ‌ പറയുന്നത്. പ്രതികൾ സായുധ സംഘങ്ങൾക്ക് പരിശീലനം നൽകുകയും ആയുധങ്ങൾ നൽകുകയും ഡ്രോൺ ഓപ്പറേഷനുകൾക്ക് സഹായിക്കുകയും ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു.

Tags

Share this story