മധ്യപ്രദേശിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 8 തൊഴിലാളികൾ മരിച്ചു; 30-ലേറെ പേർക്ക് പരിക്ക്

മധ്യപ്രദേശ

ഭിന്ദ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച് എട്ട് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 30-ലധികം പേർക്ക് പരിക്കേറ്റു.

​ഭിന്ദ്-ഗ്വാളിയോർ ദേശീയപാതയിൽ ചിംക ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഗ്വാളിയോറിൽ നെല്ലുനടീൽ ജോലി പൂർത്തിയാക്കി ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

​റോഡിൽ നിന്ന കന്നുകാലികളെ ഇടിക്കാതിരിക്കാൻ പിക്കപ്പ് വാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഡമ്പർ ട്രക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകരുകയും തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയും ചെയ്തു.

​അഞ്ച് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം ഗുരുതരമായി പരിക്കേറ്റവരെ ഗ്വാളിയോറിലേക്ക് മാറ്റി. 

Tags

Share this story