തമിഴ്നാട്ടിൽ 9 പോലീസുകാർക്ക് വധശിക്ഷ; കസ്റ്റഡി മരണത്തിൽ നീതി ഉറപ്പാക്കിയത് കോൺസ്റ്റബിൾ രേവതിയുടെ ധീരത

Chennai

കോവിഡ് കാലത്ത് മൊബൈൽ കട തുറന്നതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഒരു അച്ഛനും മകനും ലോക്കപ്പിനുള്ളിൽ മരിച്ചത് രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. അഞ്ചു വർഷത്തിന് ശേഷം കോടതി ഈ കേസിൽ 9 പോലീസുകാർക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. അന്ന് അവർക്കായി നീതിയുടെ ഏക സ്വരമായത് രേവതി എന്ന ഹെഡ് കോൺസ്റ്റബിളായിരുന്നു. 

അച്ഛനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയ തന്റെ സഹപ്രവർത്തകർക്ക് പരമാവധി ശിക്ഷ തന്നെ വാങ്ങി നൽകാൻ സ്വന്തം കുടുംബത്തെയും ജോലിയെയും പണയപ്പെടുത്തിക്കൊണ്ട് ആ പോലീസുകാരി നടത്തിയ പോരാട്ടം ഇന്ത്യൻ നിയമചരിത്രത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്.

2020-ൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മൊബൈൽ ഷോപ്പ് തുറന്നുവെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത പി. ജയരാജും മകൻ ജെ. ബെന്നിക്സും തൂത്തുക്കുടിയിലെ സാത്താൻകുളം സ്റ്റേഷനിൽ ക്രൂരമായ പീഡനത്തിന് ഇരയാകുമ്പോൾ രേവതി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. തന്റെ സുരക്ഷയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ജോലി നഷ്ടപ്പെടുമെന്നോ ഉള്ള യാതൊരു ഉറപ്പുമില്ലാതിരുന്നിട്ടും മജിസ്ട്രേറ്റിന് മുന്നിൽ സ്റ്റേഷനിൽ നടന്ന കാര്യങ്ങൾ രേവതി തുറന്ന് പറഞ്ഞതോടെയാണ് ഈ ക്രൂര കൊലപാതകത്തിന്റെ ചുരുളയിഴുന്നത്. 

"സർ, ഞാൻ നിങ്ങളോട് എല്ലാം പറയാം"

കേസ് അന്വേഷിക്കാൻ ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.എസ്. ഭാരതിദാസൻ എത്തിയപ്പോൾ രേവതി അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. "സർ, ഞാൻ നിങ്ങളോട് എല്ലാം പറയാം, എല്ലാ വിശദാംശങ്ങളും മറച്ചുവെക്കപ്പെട്ട സത്യങ്ങളും. പക്ഷേ എനിക്ക് രണ്ടു പെൺകുട്ടികളുണ്ട്. എന്റെ കുട്ടികളുടെയും എന്റെ ജോലിയുടെയും സുരക്ഷ നിങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയുമോ?".

അന്ന് രാത്രി നടന്ന ഓരോ നിമിഷത്തെയും കുറിച്ച് അവർ വിവരിച്ച് നൽകി. ആ അച്ഛനെയും മകനെയും നിരന്തരമായി തല്ലിച്ചതച്ചതും അവർക്ക് ഗുരുതരമായ പരിക്കേറ്റതും പിന്നീട് റിമാൻഡ് ചെയ്തതും രേവതി വിവരിച്ചു. ദിവസങ്ങൾക്കുള്ളിൽ ഇരുവരും മരിച്ചത് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. 

നടന്നത് ക്രൂര മർദ്ദനം

സി.സി.ടി.വി ദൃശ്യങ്ങളിലുള്ള ഉദ്യോഗസ്ഥരെ ഭയമില്ലാതെ രേവതി തിരിച്ചറിഞ്ഞത് കേസിൽ നിർണായക വഴിത്തിരിവായി. രേവതിയുടെ മൊഴി പ്രകാരം, കയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് പോലീസുകാർ ഇതുവരെയും മർദ്ദിക്കുകയായിരുന്നു. മദ്യം കഴിക്കാൻ വേണ്ടി മാത്രമാണ് അവർ മർദ്ദനം നിത്തിയിരുന്നത്. ഇരുവരുടെയും സ്വകാര്യ ഭാഗങ്ങളിൽ ബൂട്ടിട്ട് ചവിട്ടിയതായും രേവതി മൊഴി നൽകി.

രേവതി സ്റ്റേഷനിലെത്തുപ്പോൾ ഒരാൾ നിലവിളിക്കുന്നതാണ് കേൾക്കുന്നത്. 'സ്റ്റേഷനുള്ളിൽ ബഹളമുണ്ടാക്കാൻ ധൈര്യമായോ? എന്ന് പറഞ്ഞ് പോലീസുകാർ അവരെ വീണ്ടും മർദ്ദിക്കുകയായിരുന്നു. കൂടാതെ, മർദ്ദനമേറ്റ്  രകത്തിൽ കുളിച്ച് കിടന്ന വ്യക്തിയെ കൊണ്ട് തറയിലെ രക്തം തുടപ്പിച്ചതും രേവതി വെളിപ്പെടുത്തി. പീഡനം സഹിക്കാനാവാതെ അബോധാവസ്ഥയിലായ അവർക്ക് കോഫി നൽകാൻ രേവതി ശ്രമിച്ചെങ്കിലും പോലീസുകാർ തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഒടുവിൽ ക്രൂരത കണ്ട് നിൽക്കാനാവാതെ രേവതി മുറിയിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

നീതിക്കായുള്ള പോരാട്ടം

മൊഴി നൽകുന്ന സമയത്തും തുടർന്നും വലിയ തോതിലുള്ള ഭീഷണികളും പരിഹാസങ്ങളുമാണ് രേവതി നേരിട്ടത്. മജിസ്‌ട്രേറ്റിന് രേവതിയുടെ മൊഴി രേഖപ്പെടുത്താൻ മുറിക്ക് പുറത്ത് കാവൽക്കാരെ നിർത്തേണ്ടി വന്നു. ഒടുവിൽ മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് ജില്ലാ ഭരണകൂടം അവർക്ക് പോലീസ് സംരക്ഷണം നൽകി. വിചാരണ വേളയിൽ ഹൈക്കോടതി ബെഞ്ച് നേരിട്ട് ഫോണിൽ വിളിച്ച് രേവതിക്ക് സുരക്ഷാ വാഗ്ദാനം ചെയ്തിരുന്നു.

Tags

Share this story