മുഗളൻമാർ പേരിട്ട മുഴുവൻ സ്ഥലപ്പേരുകളും മാറ്റുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി

മുഗളൻമാർ പേരിട്ട മുഴുവൻ സ്ഥലപ്പേരുകളും മാറ്റുമെന്ന് പശ്ചിമബംഗാൾ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. രാഷ്ട്രപതി ഭവനിലെ മുഗൾ ഉദ്യാനമുൾപെടെയുള്ള തോട്ടങ്ങളുടെ പേര് അമൃത് ഉദ്യാൻ എന്നാക്കിയതിന് പിന്നാലെയാണ് പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മുഗളൻമാർ നിരവധി ഹിന്ദുക്കളെ കൊന്നു. ക്ഷേത്രങ്ങൾ തകർത്തു. അവർ പേരു നൽകിയ മുഴുവൻ സ്ഥലങ്ങളും കണ്ടെത്തണം. പേര് മാറ്റണം. പശ്ചിമബംഗാളിൽ ബി.ജെ.പി അധികാരത്തിലേറിയാൽ ഒരാഴ്ചക്കകം ബ്രിട്ടീഷുകാരും മുഗളൻമാരും പേരിട്ട മുഴുവൻസ്ഥലങ്ങളും കണ്ടെത്തി പേരു മാറ്റുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഭവനിലെ പ്രശസ്ത ഉദ്യാനമായ മുഗൾ ഗാർഡൻസിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ 'അമൃത് ഉദ്യാൻ' എന്നാക്കിയത്. രാജ്ഭവൻ മേഖലയിൽ മുഗൾ ഗാർഡൻസ് എന്ന് രേഖപ്പെടുത്തിയ സൂചനാ ബോർഡുകൾ ബുൾഡോസറുകൾകൊണ്ട് നീക്കി. അമൃത് ഉദ്യാൻ എന്ന പുതിയ സൂചനാ ബോർഡുകൾ ഇവിടങ്ങളിൽ സ്ഥാപിക്കുകയായിരുന്നു.

Share this story