വിവാദ പരാമർശം:മാപ്പ് പറയണമെന്ന് ബിജെപി, ഇല്ലെന്ന് ഖാർഗെ; രാജ്യസഭ ബഹളത്തിൽ മുങ്ങി

kharge

 കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുടെ വിവാദ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. രാജ്യത്തിന് വേണ്ടി ബിജെപിക്കാരുടെ വീട്ടിൽ നിന്നും ഒരു നായയെങ്കിലും മരിച്ചിട്ടുണ്ടോയെന്ന പരാമർശത്തിൽ മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പുറത്ത് നടത്തിയ പ്രസ്താവനയിൽ സഭയിൽ ചർച്ച വേണ്ടെന്നും ഖാർഗെ വ്യക്തമാക്കി. 

രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയിൽ മല്ലികാർജുന ഖാർഗെ നടത്തിയ പരാമർശമാണ് ബിജെപി രാജ്യസഭയിൽ ആയുധമാക്കിയത്. സഭ സമ്മേളിച്ചപ്പോൾ തന്നെ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി എംപിമാർ ആവശ്യപ്പെട്ടു. പ്രതിപക്ഷം ഇതിനെ ചെറുത്തതോടെ സഭ ബഹളത്തിൽ മുങ്ങി. 

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷന് സംസാരിക്കാൻ പോലും അറിയില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ കുറ്റപ്പെടുത്തി. കോൺഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മ ഗാന്ധി പറഞ്ഞത് എന്തുകൊണ്ടാണെന്നതിന്റെ തെളിവാണിതെന്നും പീയുഷ് ഗോയൽ പറഞ്ഞു.
 

Share this story