യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശേഖർ മിശ്രക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

air india

ന്യൂയോർക്ക് - ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിക്ക് മേൽ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. മുംബൈ സ്വദേശിയും വ്യവസായിയുമായ ശേഖർ മിശ്രയാണ് പ്രതിയെന്ന് ഡൽഹി പൊലീസ് പറയുന്നു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ശേഖർ മിശ്രയ്‌ക്കെതിരെ ഡൽഹി പൊലീസ് കേസ് എടുത്തത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറുന്നതിൽ എയർ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്നും പൊലീസ് പറഞ്ഞു.

വെൽസ് ഫാർഗോ എന്ന അമേരിക്കൻ മൾട്ടിനാഷണൽ ഫിനാൻഷ്യൽ സർവീസ് കമ്പനിയുടെ ഇന്ത്യാ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റാണ് ശേഖർ മിശ്ര. ഡൽഹി പൊലീസിന്റെ ഒരു സംഘം ശേഖർ മിശ്രയെ അറസ്റ്റ് ചെയ്യാൻ മുംബൈയിൽ തുടരുകയാണ്. ശേഖർ മിശ്രയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

കർണാടക സ്വദേശിനിയുടെ ദേഹത്ത് നവംബർ 26നാണ് മദ്യ ലഹരിയിൽ ആയിരുന്ന ശേഖർ മിശ്ര വിമാനത്തിൽ വെച്ച് മൂത്രം ഒഴിച്ചത്. യാത്രക്കാരിയുടെ പരാതി പൊലീസിന് കൈമാറിയത് രണ്ട് ദിവസത്തിന് ശേഷമാണ്. നിയമ നടപടി വൈകിപ്പിച്ചതിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂവിനും പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തൽ.

Share this story