ഇരുപതിലധികം വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റിനെതിരെ ആരോപണം

National

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം. ഇരുപതിലധികം വനിതാ ഗുസ്തിതാരങ്ങളെ ലൈംഗിക ചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്നാണ് ആരോപണം. ഗുസ്തിതാരം വിനേഷ് ഫോഗട്ടാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് മുപ്പതോളം വരുന്ന കായികതാരങ്ങളുടെ നേതൃത്വത്തില്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധവും അരങ്ങേറി.

ഗുസ്തി ഫെഡറേഷന്‍റെ നേതൃത്വത്തില്‍ മാറ്റം വരണമെന്നും, ബ്രിജ് ഭൂഷണിനെതിരെ നടപടി സ്വീകരിക്കണമെന്നും ഗുസ്തിതാരങ്ങള്‍ പ്രധാനമന്ത്രിയോടും സ്‌പോട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതരോടും ആവശ്യപ്പെട്ടു. നിരവധി പേര്‍ ചൂഷണത്തിനിരയായിട്ടുണ്ട്. പരാതി നല്‍കിയാല്‍ വധഭീഷണി വരെ നേരിടേണ്ടി വരുന്നു. കായികതാരങ്ങളുടെ ഉന്നമനത്തിനായി ഫെഡറേഷന്‍ യാതൊന്നും ചെയ്യുന്നില്ല. വനിതാതാരങ്ങളെ ബ്രിജ് ഭൂഷണ്‍ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. താരങ്ങളുടെ സ്വകാര്യജീവിതത്തിലേക്ക് വരെ കടന്നു കയറുന്നു, താരങ്ങള്‍ ആരോപിച്ചു.

അതേസമയം ആരോപണങ്ങള്‍ ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു. ഗൂഢാലോചനയുടെ ഫലമായി ഉരുത്തിരിഞ്ഞ ആരോപണമാണിത്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയാണ് ബ്രിജ് ഭൂഷണ്‍.

Share this story