പൊലീസുകാരന്‍റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ മന്ത്രി അന്തരിച്ചു

ഭുവനേശ്വർ : എഎസ്‌ഐയുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോര്‍ദാസ് അന്തരിച്ചു. ഭുവനേശ്വറിലെ ആശുപത്രിയില്‍ ഏഴരയോടെയാണ് മരണം സംഭവിച്ചത്. മന്ത്രി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ജര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ് നഗറില്‍ വച്ചു വെടിയേറ്റത്.
ബിജെഡിയുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കു നേരെ എഎസ്‌ഐ ഗോപാല്‍ ദാസ് വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ നിന്നിറങ്ങുമ്പോള്‍ നെഞ്ചിലേക്കാണു വെടിവച്ചത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അഞ്ച് റൗണ്ട് വെടിവച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. തുടര്‍ന്ന് മന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്തു ഭുവനേശ്വറിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മന്ത്രിയെ അക്രമിക്കുവാനുള്ള കാരണം വ്യക്തമായിട്ടില്ല. എഎസ്‌ഐയെ ചോദ്യം ചെയ്തു വരികയാണ്.