തെലങ്കാനയിലെ ഓപറേഷൻ താമര: തുഷാറിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

thushar

തെലങ്കാന ഓപറേഷൻ താമരയുമായി ബന്ധപ്പെട്ട് എൻഡിഎയുടെ കേരളത്തിലെ കൺവീനർ തുഷാർ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. എസ് പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പോലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ തുഷാറിന്റെ വീട്ടിലെത്തി നോട്ടീസ് നൽകിയത്. ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരാകാനാണ് നിർദേശം.

തുഷാറിന്റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറിയാണ് നോട്ടീസ് കൈപ്പറ്റിയത്. തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ഓപറേഷൻ താമരക്ക് പിന്നിൽ പ്രവർത്തിച്ചത് തുഷാർ ആണെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആരോപിച്ചിരുന്നു. ടിആർഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാർ ആണെന്നും ടിആർഎസ് ആരോപിച്ചിരുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മൂന്ന് പേരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോൺ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
 

Share this story