2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പൊതു പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാകില്ല: യെച്ചൂരി

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004,2009 മാതൃകയിൽ മുന്നണിയുണ്ടായേക്കാം. ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കുന്നു. പ്രതികരണങ്ങൾ എത്രത്തോളം ഗുണകരമെന്നത് കാത്തിരുന്നു കാണണം. പാർലമെന്റിൽ മതേതര ശക്തികളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏക പാർട്ടി സിപിഎമ്മാണെന്നും യെച്ചൂരി പറഞ്ഞു.
ത്രിപുരയിൽ പ്രതിപക്ഷ മുന്നണി രൂപപ്പെടുത്തണമെന്ന അഭിപ്രായം സിപിഎമ്മിനുണ്ട്. കോൺഗ്രസുമായി സഹകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം ധാരണയായിരിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനത്തിനായി ത്രിപുര സംസ്ഥാന കമ്മിറ്റി യോഗം ചേരും. യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.