സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസയച്ചു
Fri, 6 Jan 2023

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഫെബ്രുവരി 15നകം സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ഹൈക്കോടതികളിലുമുള്ള ഹർജികൾ സുപ്രീം കോടതി നേരിട്ട് ഏറ്റെടുത്തു
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ ഉൾപ്പെടുത്തി സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹർജികളിൽ ആവശ്യപ്പെടുന്നത്. കേരളം, ഗുജറാത്ത്, ഡൽഹി ഹൈക്കോടതികളിലാണ് നിലവിൽ ഈ ആവശ്യത്തിൽ ഹർജികളുള്ളത്. ഇതിലെല്ലാം ഇനി സുപ്രീം കോടതി വിധി പറയും. ഹർജികൾ മാർച്ച് 13ന് കോടതി പരിഗണിക്കും.