ഭാര്യയുമായി വഴക്ക്: നാല് കുട്ടികളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്, മൂന്ന് കുട്ടികൾ രക്ഷപ്പെട്ടു

police line

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് നാല് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. ഉത്തർപ്രദേശിലെ കസ്ഗഞ്ച് ജില്ലയിലെ ഷെയ്ഖ്പൂർ ഹുണ്ടയിലാണ് സംഭവം. കനാലിൽ വീണ 12 വയസ്സുള്ള പെൺകുട്ടി തന്റെ രണ്ട് സഹോദരങ്ങളെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. എന്നാൽ അഞ്ച് വയസ്സുള്ള കുട്ടിയെ ഇനിയും കണ്ടെത്താനായില്ല. 12, 11, 8, 5 വയസ്സുള്ള മക്കളെയാണ് ഇയാൾ കനാലിലേക്ക് വലിച്ചെറിഞ്ഞത്

30 അടി ഉയരമുള്ള പാലത്തിൽ നിന്നാണ് പിതാവ് കുട്ടികളെ കനാലിലേക്ക് എറിഞ്ഞത്. സംഭവത്തിൽ പുഷ്‌പേന്ദ്ര കുമാർ എന്ന 35കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വഴക്കിന് പിന്നാലെ ഇയാൾ ഭാര്യയെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. തിരിച്ചെത്തിയ പുഷ്‌പേന്ദ്ര ഉത്സവത്തിന് പോകാമെന്ന് പറഞ്ഞാണ് മക്കളെ കൂട്ടി ഇറങ്ങിയത്. ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ പാലത്തിൽ നിന്നും കുട്ടികളെ താഴേക്ക് എറിയുകയായിരുന്നു

സംഭവം കണ്ട നാട്ടുകാർ ഉടനെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും ഇളയ കുട്ടി അപ്പോഴേക്കും ഒഴുകിപ്പോയിരുന്നു. കുട്ടിയെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
 

Share this story