രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് ആകണം; പ്രമേയം പാസാക്കി രാജസ്ഥാൻ പിസിസി

sonia rahul

കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കണമെന്ന പ്രമേയം പാസാക്കി രാജസ്ഥാൻ കോൺഗ്രസ്. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന പ്രമേയം പിസിസി യോഗത്തിൽ പാസാക്കിയതായി മന്ത്രി പി എസ് ഖചാരിയാവസ് സ്ഥിരീകരിച്ചു. 

അടുത്തിടെ പുതുച്ചേരിയും ഹിമാചൽപ്രദേശും രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനാക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശം സെപ്റ്റംബർ 24നാണ് ആരംഭിക്കുന്നത്. ഒരു സ്ഥാനാർഥി മാത്രമുള്ളുവെങ്കിൽ അദ്ദേഹത്തെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കും.

2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദയനീയ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. കോൺഗ്രസിന്റെ പുതിയ പ്രസിഡന്റ് നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നുള്ളവർ വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യം ശക്തമാക്കിയിട്ടുണ്ട്. 

ഈ ആവശ്യമുന്നയിച്ച നിരവധി നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. കപിൽ സിബൽ, അശ്വിനികുമാർ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കളാണ് അടുത്തിടെ കോൺഗ്രസ് വിട്ടത്.
 

Share this story