ശ്രദ്ധ വോൾക്കർ കൊലപാതകം; ഡിഎൻഎ ഫലം പുറത്ത്: മൃതദേഹാവശിഷ്ടങ്ങൾ ശ്രദ്ധയുടേത്

Dead

ന്യൂഡൽഹി: ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസിൽ ഡിഎൻഎ ഫലങ്ങൾ പുറത്തുവന്നു. ഡൽഹിയിലെ കാട്ടിൽ നിന്ന് കണ്ടെത്തിയ അവശിഷ്ടങ്ങൾ കൊല്ലപ്പെട്ട ശ്രദ്ധ വോൾക്കറിന്‍റേതാണെന്ന് തെളിഞ്ഞു. ഗുഡ്ഗാവ്, മെഹ്റൗലി ഉൾപ്പെടുന്ന വനമേഖലയിലാണ് ശ്രദ്ധയുടെ എല്ലുകളും മുടിയും കണ്ടെത്തിയത്. ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയാത്തതിനാൽ മൈറ്റോകോൺഡ്രിയൽ പ്രൊഫൈലിംഗിനായി ഡിഎൻഎ ഹൈദരാബാദിലേക്ക് അയച്ചിരുന്നു. ശ്രദ്ധയുടെ അച്ഛന്‍റെയും സഹോദരന്‍റെയും സാമ്പിളുകൾ പൊരുത്തപ്പെട്ടതായി ഡൽഹി സ്പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹോഡ പറഞ്ഞു.

പങ്കാളി അഫ്താബ് അമീൻ പൂനവാല (28) ആണ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. മൂന്നാഴ്ചയായി റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചത്. മകളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വോൾക്കർ നൽകിയ പരാതിയിലാണ് അഫ്താബ് അമീൻ പൂനവാലയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ജയിലിലാണ്.

മുംബൈയിലെ ഒരു കോൾ സെന്‍ററിൽ ജോലി ചെയ്യുന്നതിനിടെയാണ് ശ്രദ്ധയും അഫ്താബും പ്രണയത്തിലാകുന്നത്. ഈ ബന്ധം അംഗീകരിക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് ഈ വർഷം ആദ്യം ഇവർ ഡൽഹിയിലേക്ക് താമസം മാറ്റുകയായിരുന്നു.

Share this story