തക്കലയിൽ ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു; ആത്മഹത്യക്ക് ശ്രമിച്ച പ്രതി ചികിത്സയിൽ

തമിഴ്‌നാട് തക്കലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇതിന് പിന്നാലെ വീട്ടിലെത്തിയ ഭർത്താവ് ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തക്കല അഴകിയ മണ്ഡലം തച്ചക്കോട് സ്വദേശി ജെബ പ്രിൻസ(31)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് എബനേസർ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലാണ്. 

തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കുകയാണ് ജെബ പ്രിൻസ. പ്രിൻസയുടെ വസ്ത്രധാരണ രീതിയിൽ വന്ന മാറ്റത്തെ ചൊല്ലി ഇരുവരും തമ്മിൽ അടുത്തിടെ വഴക്കിടുക പതിവായിരുന്നു. പ്രശ്‌നം ഒത്തുതീർപ്പാക്കാൻ പ്രിൻസയുടെ പിതാവ് ഇവരെ മൂലച്ചലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി

പ്രശ്‌നം പരിഹരിച്ച ശേഷം വീട്ടിലേക്ക് പോകാനായി ഇരുവരും ഒരുമിച്ച് ഇറങ്ങിയെങ്കിലും റോഡിൽ വെച്ച് വീണ്ടും തർക്കമുണ്ടായി. പ്രകോപിതനായ എബനേസർ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചുവെച്ച അരിവാൾ ഉപയോഗിച്ച് പ്രിൻസയെ വെട്ടുകയായിരുന്നു. 

എബനേസർ ആശുപത്രി വിട്ടാലുടൻ ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇരുവർക്കും 14, 13 വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്.
 

Share this story