യുപിയിൽ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഉപേക്ഷിച്ചു; മുൻ കാമുകൻ അറസ്റ്റിൽ

aradhana

യുപി അസംഗഡിൽ യുവതിയെ കൊലപ്പെടുത്തി ആറ് കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ മുൻ കാമുകനായ യുവാവ് പിടിയിൽ. പശ്ചിംപട്ടി ഗ്രാമത്തിലാണ് സംഭവം. ആരാധന പ്രജാപതിയെന്ന 22കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രിൻസ് യാദവ്(24) എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആരാധനയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി കിണറ്റിലും കുളത്തിലുമായി തള്ളുകയായിരുന്നു. നവംബർ 15നണ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രിൻസിലേക്ക് അന്വേഷണം എത്തിയത്.

നംവബർ 10 മുതലാണ് ആരാധനയെ കാണാതായത്. തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയതെന്ന് പ്രിൻസ് പറഞ്ഞു. പ്രിൻസിന്റെ മാതാപിതാക്കൾക്കും കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നു. മാതാപിതാക്കളുടെ സഹായത്തോടെയാണ് ആരാധനയെ ഇയാൾ കൊലപ്പെടുത്തിയത്.

രണ്ട് വർഷത്തിലേറെ പ്രിൻസും ആരാധനയും പ്രണയിതാക്കളായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രിൻസ് അടുത്തിടെ നാട്ടിലെത്തിയ സമയത്താണ് ആരാധനയുടെ വിവാഹം കഴിഞ്ഞ കാര്യം അറിയുന്നത്. വിവാഹ ബന്ധം വേർപെടുത്തി പ്രിൻസിനൊപ്പം താമസിക്കാൻ ആരാധന തയ്യാറായില്ലെങ്കിൽ കൊന്നുകളയാൻ നിർദേശിച്ചത് പ്രിൻസിന്റെ മാതാപിതാക്കൾ തന്നെയാണ്.

നവംബർ 10ന് ഇയാൾ ആരാധനയെ വിളിച്ചുവരുത്തുകയും വാക്കുതർക്കത്തിന് പിന്നാലെ ബന്ധുക്കളുടെ സഹായത്തോടെ ആരാധനയെ സമീപത്തെ കരിമ്പിൻ തോട്ടത്തിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്നാണ് ശരീരം ആറ് കഷണങ്ങളാക്കി മുറിച്ച് പോളിത്തീൻ ബാഗിൽ പൊതിഞ്ഞ് വിവിധ ഇടങ്ങളിൽ തള്ളിയത്.പോലീസ് എത്തുമ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രിൻസ് യാദവിനെ കാലിൽ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്


 

Share this story