17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത് അഞ്ചുദിവസം; ആൺസുഹൃത്തടക്കം പത്തുപേർ അറസ്റ്റിൽ

Rape

വിശാഖപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പത്ത് പേർ അറസ്റ്റിൽ. ഹോട്ടൽ മുറിയിൽവെച്ചും ആർ.കെ ബീച്ചിന് സമീപത്തുവെച്ചും അഞ്ചുദിവസമാണ് കുട്ടി പീഡനത്തിനിരയാക്കിയത്. വിശാഖപട്ടണം,തൂനി,രാജമുണ്ഡ്രി സ്വദേശികളാണ് അറസ്റ്റിലായത്.

വിശാഖപട്ടത്തെ ഒരു വീട്ടിൽ ജോലി ചെയ്യുന്ന 17 കാരിയാണ് പീഡനത്തിനിരയായത്. ആൺസുഹൃത്തുൾപ്പെടെയുള്ളവരാണ് കുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയത്. തുടർന്ന് നാടുവിട്ട കുട്ടിയെ പൊലീസുകാർ തിരികെ നാട്ടിലെത്തിക്കുകയായിരുന്നു.

പതിനെഴുകാരിയായ മകളെ കാണാതായതിനെ തുടർന്ന് അച്ഛനാണ് പൊലീസിൽ പരാതി നൽകിയത്. ഒരു യുവാവ് മകളെ ആർ.കെ ബീച്ചിലേക്ക് കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതായി പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഒഡീഷയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ നാട്ടിലെത്തിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് തുറന്നു പറയാൻ തായറായിരുന്നില്ല. കടുത്ത മാനസികസംഘർഷത്തിലൂടെ കടന്നുപോയ കുട്ടി ഡിസംബർ 30 നാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പൊലീസിനോട് പറയുന്നത്.

വിശാഖപട്ടണത്തെ ഹോട്ടലിൽ എത്തിച്ച ആൺസുഹൃത്ത് ആദ്യം കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ ആൺസുഹൃത്ത് അയാളുടെ മറ്റൊരു സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. ഇയാളും ബലാത്സംഗത്തിനിരയാക്കിയതോടെ മാനസികമായി തകർന്ന കുട്ടി ഹോട്ടൽ വിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനായി ആർകെ ബീച്ചിലേക്കാണ് കുട്ടി പോയത്. ബീച്ചിൽ ഒറ്റയ്ക്ക് നിൽക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഫോട്ടോഗ്രാഫർ കുട്ടിയുടെ അടുത്തെത്തി കാര്യം തിരക്കുകയും മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് ഇയാളും സുഹൃത്തുക്കളുമായ മറ്റ് ഏഴുപേരും ചേർന്ന് കുട്ടിയെ വീണ്ടും ലൈംഗികപീഡനത്തിനിരയാക്കി. ഇവിടുന്ന് രക്ഷപ്പെട്ടാണ് കുട്ടി ഒഡീഷയിലേക്ക് പോയത്.

Share this story