ഡൽഹിയിൽ 22-കാരിയെ വീടിനുള്ളിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പ്രഹ്ലാദ്പൂർ ബംഗാറിൽ 22 കാരിയായ യുവതിയെ വീടിനുള്ളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സബീല ഖാതൂൻ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് മുഹമ്മദ് ലാൽബാബുവിനെയും ഇവരുടെ പിഞ്ചുകുഞ്ഞിനെയും കാണാതായിട്ടുണ്ട്.
ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. സഹോദരൻ മുഹമ്മദ് ഗുലാബ് സബീലയുടെ വീട്ടിലെത്തിയപ്പോഴാണ് ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്ന് ഷാബാദ് ഡെയറി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷത്തോളമായി. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് അപ്രത്യക്ഷനായ ഭർത്താവിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഡോ. ബി.എസ്.എ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
