സൽമാൻ ഖാന്റെ വീടിന് മുന്നിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വീടിന് മുന്നിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മുംബൈ പോലീസ് കോൺസ്റ്റബിൾ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു. മുംബൈ പോലീസ് LA-4 യൂണിറ്റിലെ ഉദ്യോഗസ്ഥനായ ഗണേഷ് റായത്തെ (41) ആണ് മരിച്ചത്.
ബാന്ദ്രയിലെ 'ഗാലക്സി അപ്പാർട്ട്‌മെന്റിന്' മുന്നിൽ ഡ്യൂട്ടിയിലായിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഡ്യൂട്ടിക്കിടെ പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഗണേഷ് റായത്തെ സംഭവസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ അദ്ദേഹത്തെ ബാന്ദ്രയിലെ ഭാഭ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക നിഗമനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. മുൻപ് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം മുംബൈ പോലീസിൽ ചേർന്നത്.
ലാംഗ്‌സ്റ്റർ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് ചുറ്റും കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വൈ പ്ലസ് (Y-Plus) കാറ്റഗറി സുരക്ഷയിലുള്ള നടന്റെ വീടിന് മുന്നിൽ 24 മണിക്കൂറും പോലീസ് പട്രോളിംഗും കാവലും സജ്ജമാക്കിയിട്ടുണ്ട്. സംഭവം മുംബൈ പോലീസ് സേനയിൽ വലിയ ദുഃഖത്തിനിടയാക്കി.
