മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Oct 29, 2025, 12:06 IST
മഹാരാഷ്ട്രയിൽ മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ സ്വകാര്യ ആഡംബര ബസ് തീപിടിച്ച് കത്തിനശിച്ചു. സമൃദ്ധി ഹൈവേയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. 12 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. തീപടരുന്നത് കണ്ടതോടെ ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു
നാഗ്പൂർ ലെയിനിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയാണ് ബസിൽ നിന്ന് തീ ഉയർന്നത്. ഇതോടെ ഡ്രൈവർ ഹുസൈൻ സയ്യിദ് വാഹനം നിർത്തി ബസിലുണ്ടായിരുന്നവരെ ഉടൻ പുറത്തിറക്കി. അധികം വൈകാതെ തന്നെ തീ ആളിപ്പടരുകയും ബസ് പൂർണമായും കത്തിനശിക്കുകയും ചെയ്തു
ഹൈവേ പോലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഏതാനും നേരത്തേക്ക് തടസ്സപ്പെട്ടു.
