രാഹുൽ ഗാന്ധിയും വിജയ്‍യും ഒന്നിച്ചുള്ള വീഡിയോ ഇൻസ്റ്റഗ്രാം തടഞ്ഞു; കേന്ദ്രം ഇടപെട്ടെന്ന് കോൺഗ്രസ്

insta Ban

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാം വീഡിയോയും ഫോട്ടോകളും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) ചട്ടങ്ങൾ ലംഘിച്ചു എന്ന് കാട്ടിയാണ് നടപടിയെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ, ഇത് പ്ലാറ്റ്‌ഫോമിലെ സാങ്കേതിക പിഴവ് മാത്രമാണെന്ന് കേന്ദ്ര സർക്കാർ മറുപടി നൽകി.

ഞായറാഴ്ച ചെന്നൈയിൽ നടന്ന വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടിൽ ടി.വി.കെ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് പിന്തുണ നൽകിയതിന് പിന്നാലെയായിരുന്നു ഇത്. ചടങ്ങിന് ശേഷം രാഹുൽ ഗാന്ധി വിജയിക്കപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

കോൺഗ്രസിന്റെ ആരോപണം

രാഹുൽ ഗാന്ധിയുടെ സഹായിയും കോൺഗ്രസ് നേതാവുമായ ശ്രീവത്സയാണ് ഇൻസ്റ്റഗ്രാം വീഡിയോയും ചിത്രങ്ങളും ബ്ലോക്ക് ചെയ്ത വിവരം എക്സിലൂടെ (X) പുറത്തുവിട്ടത്. ഒരു മണിക്കൂറിനുള്ളിൽ 1.2 കോടി ആളുകൾ കണ്ട വീഡിയോയും 4.6 കോടി ആളുകളിലേക്ക് എത്തിയ ഫോട്ടോ പോസ്റ്റുമാണ് ഇൻസ്റ്റഗ്രാം തടഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.


എന്തുകൊണ്ടാണ് അക്കൗണ്ട് ലഭ്യമാകാത്തത് എന്നതിന് മെറ്റാ കൃത്യമായ കാരണം നൽകുന്നില്ല. ഐടി മന്ത്രാലയത്തിന്റെ ചട്ടങ്ങൾ മൂലമാണ് ഈ 'സാങ്കേതിക തടസ്സം' ഉണ്ടായിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ദീർഘകാലമായി അടിച്ചമർത്തപ്പെടുകയാണ്. അദ്ദേഹത്തിന്റെ എക്സ് റീച്ചും യൂട്യൂബ് വ്യൂസും ഇൻസ്റ്റഗ്രാം ഫോളോവേഴ്സും എല്ലാം ഇത്തരത്തിൽ നിയന്ത്രിക്കപ്പെടുന്നു," ശ്രീവത്സ ആരോപിച്ചു.

എഐസിസി നാഷണൽ സെക്രട്ടറി രുചിര ചതുർവേദിയും സമാനമായ ആരോപണവുമായി രംഗത്തെത്തി. ആദ്യം വീഡിയോ തടഞ്ഞ മെറ്റ, പിന്നീട് വീഡിയോ തടഞ്ഞതിനെക്കുറിച്ച് രാഹുൽ ഗാന്ധി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും നീക്കം ചെയ്തുവെന്ന് അവർ കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാരിന്റെ വിശദീകരണം

എന്നാൽ ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടു എന്ന ആരോപണം കേന്ദ്രം നിഷേധിച്ചു. ഐടി മന്ത്രാലയത്തിന് ഇതിൽ യാതൊരു പങ്കുമില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

"ഐടി മന്ത്രാലയത്തിന് ഈ നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു. ഇൻസ്റ്റഗ്രാമിന്റെ ആഭ്യന്തര സംവിധാനം പോസ്റ്റിനെ തെറ്റായി ഫ്ലാഗ് ചെയ്തതിനെത്തുടർന്നാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. ഇത് ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ട്," മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പ്ലാറ്റ്‌ഫോമിന്റെ തന്നെ മോഡറേഷൻ സിസ്റ്റത്തിലെ പിഴവാണിതെന്നും സർക്കാർ നിർദ്ദേശപ്രകാരം ചെയ്തതല്ലെന്നും കേന്ദ്രം വ്യക്തമാക്കി. പിന്നീട് വീഡിയോ ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തി.

Tags

Share this story