ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ കയറിയ യുവതിയെ ടിടിഇ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു

bhavana

ജനറൽ ടിക്കറ്റുമായി എ സി കോച്ചിൽ കയറിയ യുവതിയെ ടിടിഇ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിയിട്ടു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഝലം എക്‌സ്പ്രസിൽ നിന്നാണ് യുവതിയെ തള്ളിയിട്ടത്. ഫരീദാബാദ് സ്വദേശി ഭാവന എന്ന യുവതിക്ക് ഗുരുതരമായി പരുക്കേറ്റു

ഭാവന ടിക്കറ്റ് എടുത്ത് പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ഇതോടെയാണ് യുവതി എസി കോച്ചിൽ കയറിയത്. എന്നാൽ ടിടിഇ യുവതിയോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ട്രെയിൻ നീങ്ങിത്തുടങ്ങിയതിനാൽ അടുത്ത സ്റ്റേഷനിൽ മാറിക്കയറാമെന്ന് യുവതി പറഞ്ഞെങ്കിലും ടിടിഇ സമ്മതിച്ചില്ല

ആദ്യം യുവതിയുടെ ബാഗ് പുറത്തേക്ക് വലിച്ചെറിഞ്ഞ ടിടിഇ പിന്നാലെ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ടു. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലാണ് യുവതി കുടുങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസുദ്യോഗസ്ഥൻ ഉടനെ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. യുവതിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ ടിടിഇ ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

Share this story