തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ സമരം: ഡൽഹി ജന്തർ മന്തറിൽ എഎപി നേതാവ് സൗരഭ് ഭരദ്വാജ് കസ്റ്റഡിയിൽ
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ആം ആദ്മി പാർട്ടി (എഎപി) ഡൽഹി സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജിനെയും നിരവധി പ്രവർത്തകരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് അനുമതിയില്ലാതെയാണ് സമരം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സമരം നടത്താൻ ആറ് ദിവസം മുൻപ് തന്നെ എഎപി അനുമതിക്ക് അപേക്ഷിച്ചിരുന്നുവെന്ന് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. മെട്രോയിലും ഓട്ടോറിക്ഷയിലുമായി ഒറ്റയ്ക്കാണ് ജന്തർ മന്തറിലേക്ക് എത്തിയതെന്നും ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങൾ സമാധാനപരമായി പ്രതിഷേധത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വോട്ടർ പട്ടികയിലെ തിരിമറികൾ ആരോപിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ മുൻനിർത്തി ജന്തർ മന്തറിലും പരിസരത്തും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തുകയും സമീപത്തെ ചില മെട്രോ സ്റ്റേഷനുകളിൽ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു.
