ശ്രീരാമനെ അപമാനിച്ചെന്ന് ആരോപണം: അഭിജീത് ദിപ്‌കെയ്ക്ക് നേരെയുണ്ടായ മഷി പ്രയോഗത്തിന്റെ ഉത്തരവാദിത്തം പുരുഷാവകാശ പ്രവർത്തക ഏറ്റെടുത്തു
ജന്തർ മന്തറിൽ നടക്കുന്ന സമരത്തിനിടെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ ഇന്നലെ മഷി പ്രയോഗം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവതി. ‘പുരുഷ് ആയോഗ്’ എന്ന സംഘടനയുടെ പ്രസിഡന്റും പുരുഷാവകാശ പ്രവർത്തകയുമായ ബർഖ ത്രേഹൻ ആണ് രംഗത്തെത്തിയത്. ശ്രീരാമനെ അപമാനിച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാർത്ഥി അവകാശങ്ങൾക്ക് വേണ്ടിയും ജന്തർ മന്തറിൽ സമരം ചെയ്യുന്നതിനിടെയാണ് ഒരു സ്ത്രീ അഭിജീതിന് നേരെ നീല മഷി എറിഞ്ഞത്. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ പൊലീസ് ഇവിടെ നിന്നും നീക്കം ചെയ്തതിന് പിന്നാലെ അഭിജീത് ഉപവാസ സമരം ആരംഭിക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
തുടർന്ന് അക്രമം നടത്തിയ സ്ത്രീ 'ജയ് ശ്രീറാം' വിളികൾ മുഴക്കിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് ശേഷം "നീല എന്റെ നിറമാണ്... ജയ് ഭീം" എന്ന് അഭിജീത് ദിപ്‌കെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു. അക്രമം നടത്തിയ സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
