പ്രതിഷേധങ്ങൾക്കുള്ള പിന്തുണക്ക് നന്ദി: മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി അഭിജിത് ദിപ്‌കെ

അഭി

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ തൃണമൂല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ മമത ബാനര്‍ജിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. തങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ യുവാക്കള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് അദ്ദേഹം മമതക്ക് നന്ദി അറിയിച്ചു. കൂടാതെ, ‘വോട്ട് ചോര്‍ച്ച’ക്കെതിരെ ‘ഇന്ത്യ’ സഖ്യം ഇന്ന് നടത്തുന്ന റാലിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, സ്വന്തം സംഘടനയുടെ സ്വതന്ത്രമായ അസ്തിത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ രാംലീല മൈതാനത്ത് നടക്കുന്ന പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കില്ലെന്ന് ദിപ്‌കെ വ്യക്തമാക്കി.

നീറ്റ് (NEET) പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ നടത്തിയ ആദ്യ പ്രതിഷേധത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നതിനും, സി ജെ പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ പിന്തുണ നല്‍കിയതിനും നന്ദി പറയാനാണ് മമത ബാനര്‍ജിയെ കണ്ടതെന്ന് ദിപ്‌കെ പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ റാലിയില്‍ സി ജെ പി പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, തങ്ങള്‍ ആ ലക്ഷ്യത്തെ പിന്തുണക്കുന്നുണ്ടെങ്കിലും പ്രതിഷേധ പരിപാടിയില്‍ ഔദ്യോഗികമായി പങ്കുചേരില്ലെന്നായിരുന്നു ദിപ്‌കെയുടെ മറുപടി. ‘കോക്രോച്ച് ജനതാ പാര്‍ട്ടി ഒരു സ്വതന്ത്ര സംഘടനയും നിഷ്പക്ഷമായ വേദിയുമാണ്. ആ അസ്തിത്വം നിലനിര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.’- അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ ചായ്വുകള്‍ പരിഗണിക്കാതെ, തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കെതിരെ പോരാടുന്ന എല്ലാ സംഘടനകള്‍ക്കും സി ജെ പി പിന്തുണ നല്‍കുമെന്നും ദിപ്‌കെ കൂട്ടിച്ചേര്‍ത്തു.

Tags

Share this story