അഭിജിത് ദീപ്കെ വിമാനത്താവളത്തിന് പുറത്തിറങ്ങാൻ വൈകുന്നു; വിവരങ്ങൾ തേടി പൊലീസ്

CJ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം പ്രഖ്യാപിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ ഡൽഹി വിമാനത്താവളത്തിന് പുറത്തിറങ്ങാൻ വൈകുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കാനായി അമേരിക്കയിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് തേടുകയാണ്.

​ഡൽഹി ജന്തർ മന്തറിലാണ് കോക്രോച്ച് ജനതാ പാർട്ടി ഇന്ന് വലിയ രീതിയിലുള്ള പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആയിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഒരുക്കിയിരിക്കുന്നത്.

​തന്റെ വരവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും, യാത്രക്കാർക്കും സുരക്ഷാ ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ദീപ്കെ നേരത്തെ അണികളോട് അഭ്യർത്ഥിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ജന്തർ മന്തറിലെ പ്രതിഷേധത്തിന് അനുമതി തേടി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോകുമെന്നാണ് സിജെപി നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ വിമാനത്താവളത്തിന് പുറത്തേക്ക് വരാൻ അദ്ദേഹം വൈകുന്നതോടെ പൊലീസ് നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് അണികൾ.

Tags

Share this story