ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ ദാരുണ അപകടം; ബസിന് തീപിടിച്ച് 7 മരണം: 15 പേർക്ക് പരിക്ക്
ജയ്പൂർ: ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ പുലർച്ചെയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഏഴ് യാത്രക്കാർ മരിക്കുകയും 15-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ദൗസ ജില്ലയിലുള്ള കോൽവ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിലായിരുന്നു സംഭവം.
മുന്നിൽ പോവുകയായിരുന്ന ട്രെയിലർ ലോറിയുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് തൊട്ടുപിന്നാലെ ബസിന്റെ പിൻഭാഗത്ത് വൻ തീപിടുത്തമുണ്ടായി. തീ പടരുന്നതിന് മുൻപ് കുറച്ച് യാത്രക്കാർക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചെങ്കിലും അഞ്ച് പേർ ബസിനുള്ളിൽ കരിഞ്ഞു മരിക്കുകയായിരുന്നു. മറ്റ് രണ്ട് പേർ ഗുരുതരമായ തലയ്ക്കേറ്റ പരിക്കുകളെ തുടർന്നാണ് മരണപ്പെട്ടത്.
അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും നല്ല ഉറക്കത്തിലായിരുന്നു. ഇതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. ശക്തമായ ഇടിച്ചിലിനെ തുടർന്ന് ബസിന്റെ മുകളിലെ ബർത്തുകളിൽ ഉറങ്ങുകയായിരുന്ന യാത്രക്കാർ താഴേക്ക് തെറിച്ചുവീണു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നില ഗുരുതരമായ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി വലിയ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
