വനിതാ ബൈക്കറെ ഇടിച്ചത് അറിയാതെയെന്ന് പ്രതി; യുവതി ലൈക്ക് കിട്ടാൻ അമിത വേഗത്തിലായിരുന്നു എന്ന് അഭിഭാഷകൻ

ഗുരുഗ്രാം
പ്രതി കല്യാൺ ബൈൻസ്‌ല, ബൈക്കർ സിയ

ഗുരുഗ്രാം: ഗുരുഗ്രാം ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയായ സിയ എന്ന യുവതിയെ കാർ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ തടിയൂരാൻ മുഖ്യപ്രതി കല്യാൺ ബൈൻസ്‌ലയും അഭിഭാഷകനും ശ്രമം തുടങ്ങി. ഗുരുഗ്രാമിൽ വച്ച് യുവതിയെ ഇടിച്ചിട്ട ശേഷം രാജസ്ഥാനിലേക്കു കടന്ന പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ്, കൊലപാത ശ്രമം കൂടി ചാർജ് ചെയ്ത പശ്ചാത്തലത്തിലാണിത്.

ആദ്യം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 125, 281 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉണ്ടാക്കുന്നതിനും അശ്രദ്ധമായി വാഹനം ഓടിച്ചതിനുമാണ് ഈ വകുപ്പുകൾ. എന്നാൽ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയും വധശ്രമ കുറ്റത്തിന് സെക്ഷൻ 109 കൂടി ചേർക്കുകയുമായിരുന്നു.

അതേസമയം, അപകടം മനഃപൂർവമല്ലെന്നും അറിയാതെ സംഭവിച്ച അപകടമാണെന്നും പ്രതി അവകാശപ്പെടുന്നു. ആൾക്കൂട്ട ആക്രമണം ഭയന്നാണ് കാർ നിർത്താതെ സ്ഥലത്തുനിന്ന് രക്ഷപെട്ടതെന്നാണ് ഇയാൾ പറയുന്നത്. സഹോദരിയും രണ്ടു ബന്ധുക്കളുമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും പറയുന്നു.

യുവതിയോട് വേഗം കുറയ്ക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അതല്ലാതെ മോശം ആംഗ്യമൊന്നും കാണിച്ചിട്ടില്ലെന്നും കല്യാൺ. യുവതി മിറർ നോക്കാതെ തിരിഞ്ഞപ്പോഴാണ് നിയന്ത്രണം വിട്ട് കാർ ഇടിച്ചതെന്നും, യു-ടേണിൽ വച്ച് തനിക്ക് കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും ഇയാൾ പറയുന്നു. വാഹനം നിർത്തിയിരുന്നെങ്കിൽ ആൾക്കൂട്ടം തന്നെ മർദിക്കുമായിരുന്നുവെന്നും കുടുംബാംഗങ്ങൾ കൂടെയുള്ളതിനാൽ നിർത്താതെ പോകുകയായിരുന്നു എന്നും പ്രതി.

അതേസമയം, സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിനെയും കാഴ്ചക്കാരെയും കിട്ടാൻ വേണ്ടി യുവതി നടത്തിയ സ്റ്റണ്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രതിയുടെ അഭിഭാഷകൻ ആരോപിക്കുന്നത്. യുവതി മണിക്കൂറിൽ 140-170 കിലോമീറ്റർ വേഗത്തിലാണ് ബൈക്ക് ഓടിച്ചതെന്നും, കാറിലുണ്ടായിരുന്ന നാലുപേരും ഡൽഹിയിൽ ബന്ധുക്കളെ കണ്ടു മടങ്ങുകയായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി.

എന്നാൽ, പ്രതിയുടെ വാദങ്ങളെ സിയയും കുടുംബവും പൂർണമായും തള്ളി. പരുക്കേറ്റിട്ടും സഹായിക്കാനോ മാപ്പ് പറയാനോ പ്രതി തയാറായില്ലെന്നും, അപകടത്തിന് ശേഷം വാഹനം നിർത്താഞ്ഞത് എന്താണെന്നും സിയ ചോദിക്കുന്നു. കാറിലുണ്ടായിരുന്ന നാലുപേരും മദ്യപിച്ചിരുന്നുവെന്നും, പ്രതി പറയുന്നതു പോലെ സ്ത്രീകളാരും കാറിലുണ്ടായിരുന്നില്ലെന്നും സിയ. നാല് പുരുഷൻമാരാണ് ഉണ്ടായിരുന്നത്. തന്നെ ബോധപൂർവം ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നും സിയ ആവർത്തിക്കുന്നു. സിയ ഇപ്പോൾ കടുത്ത മാനസിക ആഘാതത്തിലാണെന്നും, സംഭവത്തിൽ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഇനിയൊരു വനിതാ ബൈക്കർക്കും ഈ അനുഭവം ഉണ്ടാകാൻ അനുവദിക്കില്ലെന്നും, താൻ ഈ പോരാ‌ട്ടത്തിൽ നിന്ന് പിൻമാറില്ലെന്നും സിയ പറയുന്നു. രാജ്യത്തെ ബൈക്കർ കമ്യൂണിറ്റി മുഴുവൻ തനിക്കൊപ്പമുണ്ടെന്നും, പ്രതി ക്രിമിനലിനെ പോലെ ഒളിച്ചിരിക്കുകയാണെന്നും സിയ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.

Tags

Share this story