ആസിഡ് ആക്രമണ പരാതി വ്യാജമെന്ന് പോലീസ്; പെൺകുട്ടി കൈ പൊള്ളിച്ചത് ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ച്
ഡൽഹിയിൽ 20കാരിയുടെ ആസിഡാക്രമണ പരാതി വ്യാജമെന്ന് പോലീസ്. പെൺകുട്ടിയുടെ മൊഴിയിലെ പൊരുത്തക്കേടുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രതികൾ എന്ന് പെൺകുട്ടി പറഞ്ഞ മൂന്ന് പേരും ആക്രമണം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി
ഒരാൾ കരോൾ ബാഗിലായിരുന്നു. മറ്റ് രണ്ട് പേരും ആക്രമണ സമയത്ത് ആഗ്രയിൽ ആയിരുന്നു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ആസിഡിന്റെ സാന്നിധ്യം പോലീസിന് കണ്ടെത്താനായില്ല. പെൺകുട്ടി ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ചാണ് കയ്യിൽ പൊള്ളൽ ഏൽപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പെൺകുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു
കോളേജിലേക്ക് പോകുമ്പോൾ ജിതേന്ദ്ര എന്ന യുവാവും കൂട്ടാളികളായ അർമാൻ, ഇഷാൻ എന്നിവരും ചേർന്ന് ആസിഡ് ഒഴിച്ചെന്നായിരുന്നു 20കാരിയുടെ പരാതി. മുഖത്തേക്ക് ഒഴിക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ പൊള്ളലേറ്റു എന്നും മൊഴി നൽകിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ അച്ഛനെതിരെ ജിതേന്ദ്രയുടെ ഭാര്യ നൽകിയ പീഡന പരാതിയാണ് ആസിഡാക്രമണ നാടകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു
ജിതേന്ദ്രയുടെ ഭാര്യ പെൺകുട്ടിയുടെ പിതാവ് അഖീൽ ഖാന്റെ സോക്‌സ് യൂണിറ്റിലെ ജീവനക്കാരിയായിരുന്നു. സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 2021നും 2024നും ഇടയിൽ പീഡിപ്പിച്ചെന്നാണ് ജിതേന്ദ്രയുടെ ഭാര്യ നൽകിയ പരാതി. അഖീൽ ഖാനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
