ഒന്നിലധികം വോട്ടർ ഐഡി കൈവശം വെച്ചെന്ന കേസ്: നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

പ്രകാശ് രാജ്

ബെംഗളൂരു: വ്യത്യസ്ത സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന പരാതിയിൽ പ്രമുഖ നടൻ പ്രകാശ് രാജിന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് ബെംഗളൂരു കോടതി നേരത്തെ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കോടതിയിൽ ഹാജരായ അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

​കർണാടക, തമിഴ്‌നാട്, തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡി കാർഡുകൾ ഉണ്ടെന്ന് കാണിച്ച് ബെംഗളൂരു ശേഷാദ്രിപുരം സ്വദേശിയായ കെ. ദിലീപ് കുമാറാണ് കോടതിയെ സമീപിച്ചത്. ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്‌നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിൽ പ്രകാശ് രാജിന് വോട്ടർ ഐഡികളുണ്ടെന്നും ഇതിൽ വേളാച്ചേരിയിൽ മാത്രം രണ്ട് വോട്ടുകളുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.

​കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ മൂന്ന് തവണ സമൻസ് അയച്ചിട്ടും താരം ഹാജരാകാതിരുന്നതിനെ തുടർന്നാണ് 48-ാം മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. നിയമനടപടികളുമായി സഹകരിക്കണമെന്ന കർശന ഉപാധികളോടെയാണ് ഇപ്പോൾ കോടതി പ്രകാശ് രാജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Tags

Share this story