ഇനി നടക്കാൻ വടി വേണ്ട", നട്ടെല്ലിന് ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായി നടൻ ശരത് സക്സേന
വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമ പ്രേമികളെ അമ്പരപ്പിച്ച നടനാണ് ശരത് സക്സേന. ഇപ്പോൾ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതിനെക്കുറിച്ചുള്ള വിവരം പങ്കുവച്ചിരിക്കുകയാണ് താരം. നട്ടെല്ലിന് ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കാണ് 76കാരനായ താരം വിധേയനായത്. ശസ്ത്രക്രിയയ്ക്ക് ശേഷം താരം തന്നെയാണ് ആരോഗ്യവിവരങ്ങൾ ആരാധകരുമായി പങ്കുവച്ചത്.
ബോംബെ ഹോസ്പിറ്റലിൽ വച്ച് ലംബർ സ്പൈൻ സർജറിക്കാണ് താരം വിധേയനായത്. നടക്കാനോ നിൽക്കാനോ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. കുറച്ച് മിനിറ്റുകൾ നിൽകേണ്ടിവന്നാൽ കടുത്ത വേദനയാണ് അനുഭവിച്ചിരുന്നാണ്. വടി കുത്തി നടക്കേണ്ട അവസ്ഥയിലായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് താരം ശസ്ത്രക്രിയ പൂർത്തിയായ വിവരം അറിയിച്ചത്. ആറ് മണിക്കൂർ നീണ്ട സ്പൈൻ സർജറി കഴിഞ്ഞു. നല്ല മനുഷ്യനെ ഒരിക്കലും തളർത്താനാവില്ല.- എന്ന കുറിപ്പിനൊപ്പമാണ് ചിത്രം. കൂടാതെ കുടുംബത്തിനൊപ്പം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിന്‍റേയും വീട്ടിലെത്തിയ ശേഷം ഒന്നിച്ച് ആഘോഷിക്കുന്നതിന്‍റേയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി തനിക്ക് വടി കുത്തേണ്ട ആവശ്യമില്ലെന്നും താരം വ്യക്തമാക്കുന്നുണ്ട്. ആര്യൻ, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, സിഐഡി മൂസ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ശരത് സക്സേന വേഷമിട്ടിട്ടുണ്ട്.
