പന്ത്രണ്ട് വയസ്സുള്ള മകൾ നൈസയുമായുള്ള മൂന്ന് വർഷത്തെ അകൽച്ചയെക്കുറിച്ച് മനസ്സ് തുറന്ന് നടി കാജോൾ

കാജൽ

കൗമാരക്കാരെ വളർത്തുക എന്നത് പലപ്പോഴും അച്ഛനമ്മമാർക്ക് വലിയൊരു പരീക്ഷണമാണ്. ഒരുദിവസം എല്ലാം തുറന്നുപറയുന്ന കുട്ടി, അടുത്ത ദിവസം ഒന്നും സംസാരിക്കാൻ തയ്യാറാകാത്ത അവസ്ഥ. സോഷ്യൽ മീഡിയയും മാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളും കൂടിയാകുമ്പോൾ, കുട്ടിയോട് എപ്പോൾ സംസാരിക്കണം, എങ്ങനെ സംസാരിക്കണം, എപ്പോൾ വെറുതെ കേൾക്കണം എന്നത് രക്ഷിതാക്കൾക്ക് വലിയ വെല്ലുവിളിയാകാം. മകൾ നൈസ ദേവ്ഗണുമായുള്ള ബന്ധത്തിൽ തനിക്കുണ്ടായ ഒരു നിർണായക അനുഭവത്തെക്കുറിച്ച് അടുത്തിടെ നടി കാജോൾ തുറന്നുപറഞ്ഞിരുന്നു.

നൈസയ്ക്ക് 12 വയസ്സുള്ളപ്പോൾ ഇരുവർക്കുമിടയിലെ ബന്ധം ഏറെ സങ്കീർണമായിരുന്നുവെന്നും ആ ഘട്ടം ഏകദേശം മൂന്ന് വർഷത്തോളം നീണ്ടുവെന്നും കാജോൾ പറയുന്നു. ലില്ലി സിങ്ങുമായുള്ള സംഭാഷണത്തിനിടെയാണ് മകൾ നൈസയെയും മകൻ യുഗിനെയും വളർത്തിയ അനുഭവങ്ങൾ കാജോൾ പങ്കുവച്ചത്. നൈസയുടെ കൗമാരകാലത്ത് അമ്മയും മകളും തമ്മിലുള്ള ബന്ധത്തിൽ വലിയ സംഘർഷങ്ങളുണ്ടായിരുന്നുവെന്ന് താരം തുറന്നുപറഞ്ഞു.

"ഹോർമോണുകൾ മാറി, അവൾക്ക് 12 വയസ്സായിരുന്നു. എല്ലാം താളം തെറ്റിയിരുന്നു. ഞങ്ങൾ വഴക്കിട്ടു. ചില സമയങ്ങളിൽ ഞങ്ങൾ രണ്ടുപേരും യുക്തിരഹിതമായി പെരുമാറി. ഏകദേശം മൂന്ന് വർഷത്തോളം ഈ പ്രയാസകരമായ ഘട്ടം നീണ്ടുനിന്നു. പരസ്പരം സംസാരിക്കാനും കേൾക്കാനും ഇരുവർക്കും ബുദ്ധിമുട്ടായിരുന്നു. ഓരോരുത്തരും തങ്ങളുടെ ഭാഗം ശരിയാണെന്ന് കരുതിയതോടെ ചെറിയ കാര്യങ്ങൾ പോലും വഴക്കിലേക്ക് നീങ്ങി”, കാജോൾ പറഞ്ഞു.

കൗമാരകാലത്തെ കുട്ടികളിൽ ഇത്തരം മാറ്റങ്ങൾ സാധാരണമാണ്. ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്കൊപ്പം സ്വന്തം വ്യക്തിത്വവും സ്വാതന്ത്ര്യവും കണ്ടെത്താനുള്ള ശ്രമവും ഈ പ്രായത്തിൽ ശക്തമാകും. കുട്ടികൾ മുമ്പ് അംഗീകരിച്ചിരുന്ന പല കാര്യങ്ങളും ചോദ്യം ചെയ്യാൻ തുടങ്ങും. അതേസമയം, തങ്ങളുടെ കുഞ്ഞ് പെട്ടെന്ന് മാറുന്നതായി തോന്നുന്ന മാതാപിതാക്കൾക്ക് ആ മാറ്റങ്ങളോട് പൊരുത്തപ്പെടാനും എളുപ്പത്തിൽ കഴിയില്ല. തുടർച്ചയായ തർക്കങ്ങൾ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന് ഒടുവിൽ കാജോളിന് മനസ്സിലായി. മുതിർന്നയാൾ എന്ന നിലയിൽ താനാണ് സമീപനം മാറ്റേണ്ടതെന്നും താരം തിരിച്ചറിഞ്ഞു.

ഇനി അവളുമായി അത്രയധികം വഴക്കിടേണ്ടെന്ന് ഞാൻ തീരുമാനിച്ചു. അവളോട് കഴിയുന്നത്ര സംസാരിക്കാനും അവളോടൊപ്പം ഓരോ കാര്യങ്ങൾ ചെയ്യാനും ഞാൻ ശ്രമിച്ചു. അങ്ങനെ പതുക്കെ വഴക്കുകൾ സംഭാഷണങ്ങളായി മാറി. മകൾ പറയുന്ന കാര്യങ്ങൾക്ക് ഉടൻ മറുപടി നൽകുന്നതിനോ തിരുത്തുന്നതിനോ പകരം, അവൾ പറയുന്നത് ശ്രദ്ധിച്ച് കേൾക്കാൻ ഞാൻ ശ്രമിച്ചു. നൈസയ്ക്ക് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം നൽകണമെന്നില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. അവൾക്ക് വേണ്ടിയിരുന്നത് തന്റെ അരികിലിരുന്ന് അവൾ പറയുന്നത് കേൾക്കുന്ന ഒരാളെയായിരുന്നു. അതാണ് ഏറ്റവും വലിയ മാറ്റമുണ്ടാക്കിയത്,” കാജോൾ പറഞ്ഞു.

കുട്ടികളെ സംരക്ഷിക്കാനും തെറ്റുകളിൽ നിന്ന് അകറ്റിനിർത്താനും മാതാപിതാക്കൾ സ്വാഭാവികമായും ആഗ്രഹിക്കും. ശരിയും തെറ്റും പറഞ്ഞുകൊടുക്കാനും അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും ശ്രമിക്കും. എന്നാൽ കുട്ടികൾ വളരുന്നതിനനുസരിച്ച് സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും രൂപപ്പെടുത്താനുള്ള ഇടവും അവർക്ക് ആവശ്യമാണ്. കേൾക്കുക എന്നതിനർഥം കുട്ടി പറയുന്ന എല്ലാ കാര്യങ്ങളോടും യോജിക്കുക എന്നല്ല. മറിച്ച്, ഉടൻ വിധിയെഴുതാതെയും ഉപദേശിക്കാൻ ശ്രമിക്കാതെയും അവർക്ക് അവരുടെ മനസ്സിലുള്ളത് തുറന്നുപറയാനുള്ള അവസരം നൽകുക എന്നതാണ്. തന്നെ കുറ്റപ്പെടുത്തുകയോ വിധിക്കുകയോ ചെയ്യാതെ മാതാപിതാക്കൾ കേൾക്കുമെന്ന് ഒരു കൗമാരക്കാരന് തോന്നുമ്പോൾ, ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പോലും തുറന്നുപറയാനുള്ള ധൈര്യം അവനോ അവൾക്കോ ലഭിക്കും. തിരിഞ്ഞുനോക്കുമ്പോൾ, അമ്മയെന്ന നിലയിൽ താൻ പഠിച്ച ഏറ്റവും വലിയ പാഠം മകളെ കേൾക്കാനും അവൾക്ക് ആവശ്യമായ ഇടം നൽകാനുമുള്ള പ്രാധാന്യമാണെന്ന് കാജോൾ പറയുന്നു.

“അവൾക്ക് വേണ്ടിയിരുന്നത് ഞാൻ അവളുടെ അടുത്തിരുന്ന് കഴിയുന്നത്ര അവളെ കേൾക്കുക മാത്രമായിരുന്നു. ഒരു രക്ഷിതാവ് എന്ന നിലയിൽ അതായിരുന്നു എന്റെ ഏറ്റവും വലിയ പഠനം. ഇന്ന് ഞങ്ങൾ സന്തോഷത്തോടെ കഴിയുന്നു,” കാജോൾ പറഞ്ഞു.

തന്റെ തലമുറയും ഇന്നത്തെ ജെൻ സി (Gen Z) തലമുറയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും കാജോൾ സംസാരിച്ചു. മുൻ തലമുറകളിലെ കുട്ടികൾക്ക് പല കാര്യങ്ങളും അറിയാൻ മാതാപിതാക്കളെയും അധ്യാപകരെയും പുസ്തകങ്ങളെയും ആശ്രയിക്കേണ്ടിവന്നു. എന്നാൽ ഇന്നത്തെ കൗമാരക്കാർക്ക് ഏതൊരു വിഷയത്തെക്കുറിച്ചും സെക്കൻഡുകൾക്കുള്ളിൽ ആയിരക്കണക്കിന് അഭിപ്രായങ്ങൾ അറിയാൻ സാധിക്കും. സോഷ്യൽ മീഡിയ, വീഡിയോകൾ, ഇൻഫ്‌ലുവൻസർമാർ, ഓൺലൈൻ കമ്മ്യൂണിറ്റികൾ എന്നിവയെല്ലാം അവർ എങ്ങനെ ചിന്തിക്കണം, എന്ത് ധരിക്കണം, എന്താകണം എന്നതിനെക്കുറിച്ച് അഭിപ്രായങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ഇത്രയധികം വിവരങ്ങൾക്കിടയിൽ തങ്ങൾ യഥാർഥത്തിൽ എന്താണ് വിശ്വസിക്കുന്നതെന്ന് തിരിച്ചറിയുക എന്നത് ജെൻ സി കുട്ടികൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണെന്നാണ് കാജോളിന്റെ അഭിപ്രായം.

Tags

Share this story