നടി റാന്യ റാവുവിന് സ്വർണക്കടത്ത് കേസിൽ 102 കോടി രൂപ പിഴ

Remya Rao
ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി റാന്യ റാവുവിന് 102.55 കോടി രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). റാന്യ റാവുവും മറ്റ് മൂന്ന് പ്രതികളും ചേർന്ന് 127.3 കിലോ സ്വർണം അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.
പിഴ അടച്ചില്ലെങ്കിൽ നടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റാന്യ റാവുവിനൊപ്പം കേസിൽ ഉൾപ്പെട്ട തരുൺ കൊണ്ടരു രാജുവിന് 62 കോടി രൂപയും സാഹിൽ ജെയിൻ, ഭരത് ജെയിൻ എന്നിവർക്ക് 53 കോടി രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഈ കേസിൽ മൊത്തം 270 കോടി രൂപയിലധികം പിഴയാണ് ചുമത്തിയിരിക്കുന്നത്.
നേരത്തെ ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ റാന്യ റാവുവിനെ വിമാനത്താവളത്തിൽ വെച്ച് ഡിആർഐ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വൻതോതിലുള്ള സ്വർണക്കടത്ത് പുറത്തുവന്നത്. കേസിൽ 2,500 പേജുകളുള്ള കുറ്റപത്രമാണ് ഡിആർഐ സമർപ്പിച്ചിരിക്കുന്നത്. കേസിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags

Share this story