അധിക ബാധ്യത; വ്യാപാരികൾ യുപിഐ നിരാകരിക്കാൻ സാധ്യത: ഉപയോക്താക്കൾക്ക് ചെലവില്ല
ന്യൂഡൽഹി: ഒക്റ്റോബർ 15 മുതൽ നിലവിൽ വരുന്ന ഉയർന്ന മൂല്യമുള്ള യുപിഐ (UPI) ഇടപാടുകളുടെ അധിക ബാധ്യത ഉപയോക്താക്കളുടെമേൽ അടിച്ചേൽപ്പിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ. യുപിഐ ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് ഉപയോക്താക്കൾ നൽകേണ്ടതില്ലെന്നും, ഇത് വ്യാപാരികൾ മാത്രമാണ് വഹിക്കേണ്ടതെന്നും അധികൃതർ അറിയിച്ചു. 75,000 രൂപയ്ക്കും അതിനുമുകളിലുമുള്ള ഇടപാടുകൾക്കും ഈ ഫീസ് പരമാവധി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
വ്യാപാരികൾ ഈ തുക ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സർക്കാർ പെയ്മെന്‍റ് അഗ്രഗേറ്ററുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഒക്റ്റോബർ 15 മുതൽ ബാങ്കുകൾ ഇതിന്‍റെ പ്രവർത്തനം ദിവസേന നിരീക്ഷിക്കും. ഉപയോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാൻ ശ്രമിക്കുന്നത് നിയമവിരുദ്ധവും ക്രിമിനൽ കുറ്റവുമാണെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, യുപിഐയുടെ അധിക ഫീസ് വഹിക്കേണ്ടി വരുന്നതു കാരണം വ്യാപാരികൾ ഇത്തരം ട്രാൻസാക്ഷനുകൾ നിരസിക്കാനുള്ള സാധ്യത ഏറെയാണ്. നിലവിൽ ഇതേ കാരണത്താൽ പല വ്യാപാരികളും ക്രെഡിറ്റ് കാർഡ് പേയ്മെന്‍റുകൾ സ്വീകരിക്കാൻ വിസമ്മതിക്കാറുണ്ട്.
അതേസമയം, 2,000 രൂപയിൽ കൂടുതലുള്ള നിശ്ചിത പേഴ്സൺ-ടു-മെർച്ചന്‍റ് (P2M) യു.പി.ഐ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ മെർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (MDR) ബാധകമാകും. വ്യക്തികൾ തമ്മിലുള്ള (P2P) യുപിഐ പണമിടപാടുകൾ പൂർണമായും സൗജന്യമായി തുടരും. 95 ശതമാനത്തിലധികം വരുന്ന 2,000 രൂപ വരെയുള്ള സാധാരണ ഇടപാടുകളെ പുതിയ നിരക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിസ്ഥാന യുപിഐ ഇടപാടുകൾക്ക് പ്രത്യേക ജിഎസ്ടി ബാധ്യത ഉണ്ടാകില്ല. എന്നാൽ, എംഡിആറിന്മേൽ (MDR) 18 ശതമാനം ജിഎസ്ടി ബാധകമാകും. അതേസമയം, അർഹരായ ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇതിന്‍റെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ക്ലെയിം ചെയ്യാൻ വ്യവസ്ഥയുമുണ്ട്.
